പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് പ്രതികരണം.
പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചതിനെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസാണിത്. കേസ് റജിസ്റ്റർ ചെയ്തിരുന്നോ? എങ്ങനെയാണ് വൈദ്യുതി ലഭിച്ചത്? വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ നേരിട്ടു ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം മരട് സ്വദേശി എൻ.പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. യോഗത്തിൽ പങ്കെടുത്തതാര്, എന്തെല്ലാം പരിപാടികൾ നടത്തി, എത്ര വാഹനങ്ങൾ കൊണ്ടുവന്നു തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽ ഉൾപ്പെടെ നടത്താനാവില്ല. 2021ൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് സർക്കാർ പുറപ്പെടുവിച്ച മാർഗരേഖ ഫ്രീസറിൽ വച്ചിരിക്കുകയാണോയെന്നു കോടതി ചോദിച്ചു.
സ്റ്റേജ് കെട്ടിയും നടപ്പാതയിൽ കസേര നിരത്തിയും യോഗം നടത്തുന്ന പതിവു തുടരുകയാണ്. ഭിന്നശേഷിക്കാരടക്കം റോഡിനു നടുവിലൂടെ സുരക്ഷ പണയം വച്ചു പോകേണ്ട അവസ്ഥയാണെന്നും കോടതി പറഞ്ഞു.