ലോസ് ഏഞ്ചല്‍സ്: സാന്‍ ഫെര്‍ണാണ്ടോ വാലി ആസ്ഥാനമായുള്ള വൈറ്റ് സുപ്രിമാസിസ്റ്റ് സംഘമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിളിക്കുന്ന 68 ഓളം അംഗങ്ങള്‍ക്കെതിരെ മയക്കുമരുന്ന് കടത്ത്, ആയുധ ലംഘനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് കാലത്ത് നടത്തിയ ക്രിമിനല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ ഫെഡറല്‍ കുറ്റപത്രുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വായ്പ തട്ടിപ്പും ഇവര്‍ക്കെതിരെ ആരോപിക്കുന്നുണ്ട്.

യുഎസ് അറ്റോര്‍ണി ഓഫീസ് പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും മറ്റ് ഏജന്‍സികളും ഉള്‍പ്പെട്ട തുടര്‍ച്ചയായ റെയ്ഡുകളില്‍ കുറ്റപത്രത്തില്‍ പേരുള്ള 29 പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പതിമൂന്ന് പ്രതികള്‍ ഇതിനകം കസ്റ്റഡിയിലുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

സംഘത്തിന് ആര്യന്‍ ബ്രദര്‍ഹുഡുമായും മെക്‌സിക്കന്‍ മാഫിയയുമായും ബന്ധമുണ്ടെന്നും അതിലെ അംഗങ്ങള്‍ നാസി ടാറ്റൂകള്‍, ഗ്രാഫിറ്റികള്‍, ഐക്കണോഗ്രഫി എന്നിവ ഉപയോഗിച്ച് അവരുടെ തീവ്രവാദ പ്രത്യയശാസ്ത്രം ഉപയോഗിക്കുന്നുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.