പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഭർതൃസഹോദരൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിർമാണത്തൊഴിലാളിയായ അതിയുർ റഹ്മാൻ ലസ്കർ (35)​ ആണ് 30കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ഇയാൾ പൊലീസിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവതിയെ കൊന്നശേഷം തല അറുത്തുമാറ്റുകയും ശരീരം മൂന്ന് കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. പിന്നാലെ മൃതദേഹങ്ങൾ കൊൽക്കത്തയിലെ ടോളിഗഞ്ച് പരിസരത്തെ ചവറ്റുകുട്ടയിലും സമീപ പ്രദേശങ്ങളിലുമായി ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തല പോളിത്തീൻ ബാഗിനുള്ളിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. ഉടൻ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച ഒരു കുളത്തിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. റഹ്മാൻ ലസ്കർ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് ഈ യുവതിയും വീട്ടുജോലി ചെയ്തിരുന്നത്. രണ്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണ് യുവതി. യുവതി ലസ്കറിനൊപ്പമാണ് ദിവസവും ജോലിക്ക് പോയിരുന്നത്.

ലസ്കരിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ യുവതി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് പ്രതിയെ പ്രകോപിപ്പിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് വ്യാഴാഴ്ച വെെകുന്നേരം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വിളിച്ച് വരുത്തി ലസ്കർ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ തല ചവറ്റുകുട്ടയിലായിരുന്നു ഉപേക്ഷിച്ചത്. സബുൽദംഗയിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.