ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും വിദേശത്ത് നിന്ന് കൊണ്ടുവരികയാണ് ചെയ്യുന്നത്. ക്രൂഡ്ഓയില്‍ വിപണിയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഇന്ത്യയെ ബാധിക്കുന്നതും അതുകൊണ്ടാണ്. വിദേശനാണ്യത്തിന്റെ നല്ലൊരു പങ്കും എണ്ണ വാങ്ങലിനായി ഉപയോഗിക്കേണ്ടി വരുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. 

രാജ്യത്തുനിന്ന് ക്രൂഡ്ഓയില്‍ കണ്ടെത്തുന്നതിനായി വര്‍ഷങ്ങളായി ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. അസമിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ചെറിയ തോതില്‍ എണ്ണ കണ്ടെത്തിയെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ പോലെ വലിയ തോതില്‍ ക്രൂഡ് ശേഖരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്ത പുറത്തു വരുന്നുണ്ട്.

ഖനനവുമായി ഒ.എന്‍.ജി.സി

യു.പിയിലെ ബല്ലിയ ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തില്‍ വന്‍തോതില്‍ ക്രൂഡ്ഓയില്‍ ശേഖരം കണ്ടെത്തിയെന്നാണ് വാര്‍ത്ത. എണ്ണ പര്യവേഷണം നടത്തുന്ന ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സ്ഥത്തെ കര്‍ഷകരുടെ കൈവശമുള്ള സ്ഥലം പാട്ടത്തിനെടുക്കാനും ഒ.എന്‍.ജി.സി തീരുമാനിച്ചിട്ടുണ്ട്. 

ചിട്ടു പാണ്ഡെ എന്ന കര്‍ഷകന്റെ പുരയിടത്തില്‍ നിന്നാണ് ഇപ്പോള്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയത്. 3,000 അടി താഴ്ച്ചയില്‍ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ക്രൂഡിന്റെ ശേഖരം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് വലിയ വരുമാനം ലഭിക്കാന്‍ എണ്ണ ഖനനം വഴിയൊരുക്കും. 

ഇന്ത്യയുടെ എണ്ണ ശേഖരം

2021 ഏപ്രിലിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ക്രൂഡ്ഓയില്‍ ശേഖരം ഏകദേശം 587.335 മില്യണ്‍ മെട്രിക് ടണ്‍ ആണ്. എണ്ണ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയെന്ന നയത്തിന്റെ ഭാഗമായി വലിയതോതില്‍ പര്യവേഷണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. 

കേരള തീരത്തും ഒ.എന്‍.ജി.സിയുടെ എണ്ണ പര്യവേഷണം പുരോഗമിക്കുന്നുണ്ട്. കൊല്ലം തീരത്ത് ഡ്രില്ലിംഗിനായി സ്ഥലം കണ്ടെത്തിയെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്‌സഭയെ അറിയിച്ചിരുന്നു. കൊല്ലം തീരത്തു നിന്നും 30-40 കിലോമീറ്റര്‍ അകലെയാണ് പര്യവേഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റിഗുകളും കപ്പലുകളും എത്തിച്ച് ആഴക്കടലില്‍ എണ്ണക്കിണര്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 1,287 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.