ഓണമിങ്ങു എത്താറായി. സദ്യയ്ക്ക് മോടികൂട്ടാൻ ഇത്തവണ എളുപ്പത്തിൽ കൂട്ടുകറി തയാറാക്കാം


ചേരുവകൾ
നേന്ത്രക്കായ – ഒരു ബൗൾ ( തൊലി പൂർണമായും കളയാതെ ചെറിയ കഷ്ണങ്ങളായി നുറുക്കിയത് )
ചേന – ഒരു ബൗൾ 
കുമ്പളങ്ങ – ഒരു ബൗൾ 
വേവിച്ച കറുത്തകടല – ഒരു പിടി 
മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ 
കുരുമുളക് പൊടി – ഒന്നര ടീസ്പൂൺ 
കറിവേപ്പില – മൂന്നോ നാലോ തണ്ട് 
ശർക്കര – ഒരു ടേബിൾ സ്പൂൺ 
ഉപ്പ് – പാകത്തിന് 
തേങ്ങ – ഒരെണ്ണം
ജീരകം – അര ടീസ്പൂൺ 
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ 
ഉഴുന്ന് പരിപ്പ് – 4 ടീസ്പൂൺ 
വെള്ളം – കഷ്ണങ്ങൾ വേവാൻ ആവശ്യമുള്ളത്രയും 

തയാറാക്കുന്ന വിധം 
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നേന്ത്രക്കായ, ചേന, കുമ്പളങ്ങ എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർക്കുക. ചേന എളുപ്പത്തിൽ വേവുന്നതാണെങ്കിൽ മേല്പറഞ്ഞ മൂന്നും ഒരുമിച്ചു ചേർത്ത് വേവിക്കാവുന്നതാണ്. അല്ലാത്തപക്ഷം ചേന വെന്തതിനു ശേഷം മാത്രം കുമ്പളങ്ങ ചേർത്ത് കൊടുത്താൽ മതിയാകും. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, രണ്ടു തണ്ട് കറിവേപ്പില  എന്നിവ ചേർത്ത് ഒരു മുക്കാൽ വേവാകുന്നത് വരെ വേവിക്കാം. നേരത്തെ വേവിച്ച കടല കൂടി ഇതിലേയ്ക്ക് ചേർത്ത് കൊടുക്കണം. 

ഇനി തേങ്ങ വറുത്തെടുക്കാം. അതിനായി പാത്രം നല്ലതുപോലെ ചൂടായതിനുശേഷം വെളിച്ചെണ്ണയൊഴിച്ചു അതിലേയ്ക്ക് ഉഴുന്ന് പരിപ്പും കാൽ ടീസ്പൂൺ ജീരകവും ചേർത്ത് നല്ലതുപോലെ മൂത്തുവരുന്നതുവരെ ഇളക്കി, നേരത്തെ ചിരകി വച്ചിരിക്കുന്ന ഒരു തേങ്ങയുടെ മുക്കാൽ ഭാഗം കൂടി ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം സാധാരണം വറുത്തരച്ച കറികളിൽ തേങ്ങ വറുക്കുന്നതിനെ അപേക്ഷിച്ചു കുറച്ചുകൂടെ നല്ലതുപോലെ വറുത്തെടുക്കണം. വെന്ത കഷ്ണങ്ങളിലേയ്ക്ക് ശർക്കര ചേർക്കേണ്ട സമയം കൂടിയാണിത്. (സദ്യക്ക് വിളമ്പുന്ന കൂട്ടുകറിയ്ക്ക് മധുരം ചേർക്കാറുണ്ട്. താല്പര്യമില്ലാത്തവർക്ക് ഒഴിവാക്കുകയും ചെയ്യാം). ബാക്കിയുള്ള കാൽഭാഗം തേങ്ങയും കാൽ ടീസ്പൂൺ ജീരകവും കറിവേപ്പിലയും കൂടി നല്ലതുപോലെ  അരച്ചെടുക്കാം. ആ കൂട്ട് വെന്ത കഷ്ണങ്ങളിലേയ്ക്ക് ഒഴിച്ചു കൊടുക്കാം. നല്ലതുപോലെ തിളച്ചു വറ്റിയതിനുശേഷം വറുത്തുവെച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ സ്വാദിഷ്ടമായ സദ്യക്ക് വിളമ്പുന്ന കൂട്ടുകറി തയാറായി കഴിഞ്ഞു.