പുതുവത്സര ദിനത്തില്‍ ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ലെഗസി മീഡിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായിഎലോണ്‍ മസ്‌ക്. ഔട്ട്ലെറ്റുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് പ്രധാന ആരോപണം. സൈബര്‍ട്രക്ക് തകരാറിലായെന്നും പൊട്ടിത്തെറിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മസ്‌ക് ആരോപിച്ചു. അസോസിയേറ്റഡ് പ്രസിനെ (എപി) ‘അസോസിയേറ്റഡ് പ്രൊപ്പഗണ്ട’ എന്നും മസ്‌ക് വിളിച്ചു.

ആ വിഡ്ഢി ഭീകരന്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണ്. സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുകയും സ്ഫോടനത്തെ മുകള്‍ഭാഗത്തേക്ക് തിരിച്ചുവിടുകയുമാണ് യഥാര്‍ഥത്തില്‍ സൈബര്‍ട്രക്ക് ചെയ്തത്. ഹോട്ടല്‍ ലോബിയിലെ ചില്ലുവാതിലുകള്‍ പോലും സ്ഫോടനത്തില്‍ തകര്‍ന്നിട്ടില്ലെന്നായിരുന്നു ഇലോണ്‍ മസ്‌ക് എക്സില്‍ കുറിച്ചത്. എന്നിട്ടും, പല മാധ്യമ റിപ്പോര്‍ട്ടുകളും സംഭവത്തെ ഒരു ഉല്‍പ്പന്ന പരാജയമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഒരു ഉപയോക്താവ് എഴുതി, ”സൈബര്‍ട്രക്ക് ഒരു തകരാര്‍ മൂലം തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തതായി സൂചിപ്പിക്കുന്ന മാധ്യമ തലക്കെട്ടുകള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. സ്ഫോടകവസ്തുക്കള്‍ പിന്നില്‍ സ്ഥാപിക്കുകയും മനഃപൂര്‍വം സ്ഫോടനം നടത്തുകയും ചെയ്തതാണ്, ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കാമെന്നതാണ് സത്യം. അക്രമി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണെന്ന് മസ്‌ക് എക്സില്‍ പ്രതികരിച്ചു.

ട്യൂറോ എന്ന കാര്‍ ഷെയറിങ് പ്ലാറ്റ്ഫോമില്‍ നിന്നെടുത്ത 2024 മോഡല്‍ ടെസ്ല സൈബര്‍ട്രക്കാണ് ലാസ് വേഗസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രധാന കവാടത്തിന് തൊട്ടടുത്ത് വെച്ച് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിനുള്ളില്‍ പെട്രോള്‍ നിറച്ച കാനുകളും വെടിമരുന്നും പാചകവാതകവും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.