ട്രംപ് ഭരണകൂടം ഉയര്‍ത്തുന്ന തുടര്‍ച്ചയായ പിടിച്ചെടുക്കല്‍ ഭീഷണികള്‍ക്കിടെ ഗ്രീന്‍ലാന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ ദ്വീപിന്റെ തലസ്ഥാനമായ നൂക്കിലെത്തി. നിയുക്ത പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ സ്വീകരിച്ചു. 

‘ഗ്രീന്‍ലാന്‍ഡ് അമേരിക്ക ഏറ്റെടുക്കില്ല. ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡുകാരുടേതാണ്,’ തലസ്ഥാനമായ ന്യൂക്കില്‍ എത്തിയ ഉടന്‍ ഫ്രെഡറിക്‌സെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വളരെ വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍’ ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രെഡറിക്‌സെന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഗ്രീന്‍ലാന്‍ഡിലെ ഒരു യുഎസ് വ്യോമതാവളം സന്ദര്‍ശിക്കുകയും ഡെന്‍മാര്‍ക്ക് ദ്വീപില്‍ നിക്ഷേപം നടത്തുന്നത് കുറവാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്റെ സന്ദര്‍ശനം. 

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഗ്രീന്‍ലാന്‍ഡില്‍ പുതിയ സര്‍ക്കാര്‍ രൂപം കൊണ്ടിരുന്നു. ജെന്‍സ്-ഫ്രെഡറിക് നീല്‍സണാണ് ദ്വീപിന്റെ പുതിയ പ്രധാനമന്ത്രി. വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ മെറ്റ്, പുതിയ മന്ത്രിസഭാംഗങ്ങളെയും കാണും.

ധാതു സമ്പന്നവും തന്ത്രപരമായി നിര്‍ണായകവുമായ ഉത്തര അറ്റ്‌ലാന്റിക് ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. വടക്കേ അമേരിക്കയിലാണെങ്കിലും ഡെന്‍മാര്‍ക്കിനോട് ചേര്‍ന്നു നില്‍ക്കുന്ന അര്‍ദ്ധ സ്വയംഭരണ പ്രദേശമാണിത്. ഈ ഭൂപ്രദേശം യുഎസ് സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും അതിനാല്‍ യുഎസിനോട് കൂട്ടിച്ചേര്‍ക്കണമെന്നുമാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാട്. 

ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ നീല്‍സണും മെറ്റഅ ഫ്രെഡറിക്‌സെനും ചര്‍ച്ചകള്‍ നടത്തും. ഏകദേശം 57,000 ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി വാദിക്കുന്നുണ്ട്. എന്നാല്‍ യുഎസിനോട് ചേരുന്നതിനെക്കാള്‍ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് ദ്വീപിലെ ജനത ആഗ്രഹിക്കുന്നത്.