ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. മരണവിവരം അദ്ദേഹത്തിന്റെ കുടുംബമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു.

മുൾഹോളണ്ട് ഡ്രൈവ് ബ്ലു വെൽവെറ്റ്, ദി എലഫന്റ്റ് മാൻ, ഡ്യൂൺ (1984), എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ലിഞ്ച് സംവിധാനം ചെയ്ത ടി.വി സീരിസായ ട്വിൻ പീക്ക് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ 2019ൽ ഓണററി പുരസ്‌കാരം നല്‍കി അക്കാദമി ആദരിച്ചിരുന്നു. ഹോളിവുഡില്‍ ലിഞ്ചിയന്‍ സ്‌റ്റൈല്‍ സിനിമകള്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.