ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറിയതായി റിപ്പോർട്ട്. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ഷിറീയുടെ യഥാർഥ മൃതദേഹം റെഡ്ക്രോസിനു കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേൽ ആരംഭിച്ചു.
നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളിൽ ഷിറീയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർഥ മൃതദേഹം കൈമാറിയത്. എന്നാൽ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീ മരിച്ചത് എന്ന ആരോപണത്തെച്ചൊല്ലി തർക്കം തുടരുകയാണ്.
ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32കാരിയായ ഷിറീ ബീബസും മക്കളും. 2023 ഒക്ടോബര്‍ ഏഴിനു തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ ഷിറീ ബീബസ്, മക്കളായ ഒന്‍പതുമാസം മാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന്‍ ഏരിയല്‍ എന്നിവരുടെയും 84കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞദിവസം ഖാന്‍ യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് റെഡ്ക്രോസിനു വിട്ടുനല്‍കിയത്.
ഇസ്രയേല്‍ ബോബാക്രമണത്തിലാണ് ഷിറീ ബീബസും മക്കളും കൊല്ലപ്പെട്ടതെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍ നവംബറില്‍ ഹമാസ് തീവ്രവാദികള്‍ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിറീ ബീബസിന്റെ ഭര്‍ത്താവ് യാര്‍ദെന്‍ ബീബസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.