എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎല്‍എ. ക്ഷണിക്കപ്പെടാത്ത അതിഥിയായി എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു.

ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റേതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്. അത് പറയാന്‍ തിരഞ്ഞെടുത്ത വേദി ശരിയായിരുന്നില്ല. ഈ പോരുമാറ്റം അത്തരം ഒരു സാഹചര്യത്തില്‍ അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും നേരിട്ട അപമാനത്തില്‍ മനംനൊന്തിരിക്കാം. 

സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നുവെന്നത് ഏറെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഏതായാലും എ.ഡി.എം നവീന്‍ ബാബുവിന്റെ മരണ കാരണം പരിശോധിക്കപ്പെടണം. വിഷയത്തില്‍ സര്‍ക്കാര്‍ വളരെ ശക്തമായ അന്വേഷണം പ്രഖ്യാപിക്കണം. ഇക്കാര്യം ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്താണെന്ന് സര്‍ക്കാര്‍ കണ്ടെത്തണമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം തിങ്കളാഴ്ചത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ചെങ്ങന്നൂരില്‍നിന്ന് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ മരണ വിവരമറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കണ്ണൂരില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്നില്‍ നവീന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ജില്ലാ കലക്ടറുടെ ഗണ്‍മാനാണ് അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടത്.

വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെയാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം. സര്‍വീസിന്റെ അവസാന നാളുകള്‍ കുടുംബത്തിനൊപ്പം കഴിയാന്‍ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്തയറിഞ്ഞ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നവീന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്. രണ്ടു പെണ്‍മക്കളും വിദ്യാര്‍ഥികളാണ്.