ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള നീക്കം മൂന്നാം തവണയും പൊലീസ് ഇടപെട്ട് പരാജയപ്പെടുത്തിയതോടെ ട്രെയിന്‍ തടയല്‍ സമരത്തിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. ഡിസംബര്‍ 18 ന് നടക്കുന്ന ‘റെയില്‍ രോക്കോ’ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ പഞ്ചാബിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം താമസിക്കുന്ന പഞ്ചാബിലെ 13,000 ഗ്രാമങ്ങളിലെ എല്ലാ ജനങ്ങളോടും ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെ അവരുടെ അടുത്തുള്ള റെയില്‍വേ ക്രോസിംഗുകളും റെയില്‍വേ സ്റ്റേഷനുകളും തടയാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ,” പന്ദര്‍ പറഞ്ഞു.

101 കര്‍ഷകരുടെ ഡെല്‍ഹി മാര്‍ച്ച് ഡിസംബര്‍ 6, ഡിസംബര്‍ 8, ഡിസംബര്‍ 14 തിയതികളില്‍ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. കാല്‍നടയായി ഡല്‍ഹിയിലേക്ക് കടക്കാനുള്ള കര്‍ഷകരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഏകദേശം 17 കര്‍ഷര്‍ക്ക് ഇതിനിടെ പരിക്കേറ്റു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് പന്ദര്‍ കത്തെഴുതിയിട്ടുണ്ട്.