കാലിഫോര്‍ണിയ: ചൈനക്കാരായ ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ വന്നു പ്രസവിച്ച് മടങ്ങുന്ന ടൂര്‍ പാക്കേജ് സംഘടിപ്പിച്ച കാലിഫോര്‍ണിയ ദമ്പതികളെ യുഎസ് കോടതി ശിക്ഷിച്ചു. മൈക്കല്‍ ലിയു- ഫോബ് ഡോംഗ് ദമ്പതികളാണ് കുറ്റക്കാരെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി.

2012-2015 വരെ നൂറുകണക്കിന് സ്ത്രീകള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ‘യുഎസ്എ ഹാപ്പി ബേബി’ എന്ന കമ്പനിയാണ് ദമ്പതികള്‍ നടത്തിയിരുന്നത്. വിസ രേഖകളില്‍ കള്ളം പറയാനും ഗര്‍ഭം മറയ്ക്കാനും ദമ്പതികള്‍ ഗര്‍ഭിണികളെ പ്രേരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. താമസസൗകര്യത്തിനായി വീടുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി വിനോദസഞ്ചാരികള്‍ 40,000 ഡോളര്‍ വരെ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

സതേണ്‍ കാലിഫോര്‍ണിയയിലുടനീളമുള്ള ബര്‍ത്ത് ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് ദമ്പതികള്‍ക്കെതിരായ കേസ്. അതേസമയം, ലിയുവിനും ഡോംഗിനും ഡിസംബര്‍ 9 ന് ശിക്ഷ വിധിക്കാനും 20 വര്‍ഷം വരെ തടവ് ലഭിക്കാനും സാധ്യതയുണ്ട്.

ബര്‍ത്ത് ടൂറിസം ഒരു കുറ്റമല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒറ്റ കുഞ്ഞെന്ന ചൈനയുടെ മുന്‍ നയത്തിന് കീഴില്‍ ശിക്ഷ നേരിടേണ്ടിവരുന്ന സ്ത്രീകളെ ദമ്പതികള്‍ സഹായിച്ചുവെന്നും ഗര്‍ഭിണിയായിരിക്കുമ്പോള്‍ യു.എസ് സന്ദര്‍ശിക്കുന്നത് കുറ്റകരമല്ലെന്നും എന്നാല്‍ ഇമിഗ്രേഷന്‍ അധികൃതരെ കബളിപ്പിക്കുന്നത് കുറ്റകരമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.