ഒരു വര്‍ഷത്തിനിടയില്‍ 192 രാജ്യങ്ങളിലേക്ക് 270,000-ത്തിലധികം ആളുകളെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കാണിത്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കൂട്ട നാടുകടത്തല്‍ എന്നത് സാമ്പത്തികവും പ്രവര്‍ത്തനപരവുമായ വെല്ലുവിളികള്‍ നേരിടുന്ന നീക്കമാണ്.
കൂട്ട നാടുകടത്തല്‍ നടത്തുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ട്രംപിനെ കാത്തിരിക്കുന്നതും ഈ വലിയ സാമ്പത്തിക വെല്ലുവിളിയും അത് നടപ്പിലാക്കാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായിരിക്കും.
രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന ആളുകളെ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രധാന സര്‍ക്കാര്‍ ഏജന്‍സിയായ ഐസിഇ, സെപ്റ്റംബര്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 271,484 പേരെ നാടുകടത്തിയെന്നും കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 142,580 പേരെയാണ് നാടുകടത്തിയതെന്നും വ്യക്തമാക്കി. 315,943 ആളുകളെ നീക്കം ചെയ്ത 2014 ന് ശേഷം ഐസിഇയുടെ ഏറ്റവും ഉയര്‍ന്ന നാടുകടത്തലാണിത്. ട്രംപിന്റെ ആദ്യ ടേമിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 2019 ല്‍ 267,258 ആയിരുന്നു.
ചൈന, അല്‍ബേനിയ, അംഗോള, ഈജിപ്ത്, ജോര്‍ജിയ, ഘാന, ഗിനിയ, ഇന്ത്യ, മൗറിറ്റാനിയ, റൊമാനിയ, സെനഗല്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് യുഎസ് ആളുകളെ തിരികെ അയച്ചു.