മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൻ്റെ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മന്ത്രിമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് കാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രാധാകൃഷ്ണ വിഖേപാട്ടീലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു ബിജെപി സ്ഥാനാർഥി. ഇവരെക്കൂടാതെ 37 പേരാണ് ഇന്നത്തെ ചടങ്ങില്‍ സത്യപ്രതിജ്ഞചെയ്ത് മന്ത്രിമാരായി അധികാരമേറ്റത്.
ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയ്ക്കു പുറമേ രാധാകൃഷ്ണ വിഖെ പാട്ടീൽ, ആശിഷ് ഷെലാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രതാപ് ലോധ, ജയ്കുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സാവെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍നിന്ന് ദാദാ ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രാവു പാട്ടീൽ, ഉദയ് സാമന്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
അജിത് പവാറിൻ്റെ എൻസിപി നേതാക്കളായ മണിക്‌റാവു കൊക്കാട്ടെ, ദത്താത്രയ് വിതോബ ഭാർനെ, ഹസൻ മുഷ്‌രിഫ്, അദിതി സുനിൽ തത്‌കരെ, ധനഞ്ജയ് മുണ്ടെ എന്നിവർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാത്രിയോടെ പോർട്ട്ഫോളിയോകളുടെ പട്ടികയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ദീപക് കേസാർക്കർ, താനാജി സാവന്ത്, അബ്ദുൾ സത്താർ എന്നിവരുൾപ്പെടെ ചില പ്രമുഖ ശിവസേന നേതാക്കൾ ഇത്തവണ മന്ത്രിസഭയിലേക്ക് മടങ്ങിവന്നില്ല.