കണ്ണൂർ: ജയിൽ ജീവനക്കാരോട് സംസാരിച്ചും വായനയിൽ മുഴുകിയും ജയിലിൽ പി.പി. ദിവ്യയുടെ ആദ്യദിനം. കണ്ണൂർ സെൻട്രൽ ജയിലിനോടുചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മറ്റ് തടവുകാരിൽനിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാൻ ജയിൽ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.

രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാൽ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാർക്കുള്ള നിയന്ത്രണങ്ങളോ തടവുകാർക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാൻഡ് തടവുകാർക്കില്ല. വീട്ടിൽനിന്ന് എത്തിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള അനുവാദം ജയിൽ ചട്ടങ്ങളിലുണ്ട്. 

ബുധനാഴ്ച ദിവ്യക്ക് സന്ദർശകർ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ജയിൽ അധികൃതർ മറുപടി നൽകിയില്ല. രാവിലെ 6.30 ഓടെ സെല്ലുകൾ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നൽകും. ജയിൽ ജീവിതത്തിന്റെ ആദ്യദിനത്തിൽ ആറോടെ ദിവ്യ ഉറക്കമുണർന്നിരുന്നു.മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസിൽ കീഴടങ്ങിയത്. പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്.