ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസിൽ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂൺ സ്വദേശിയായ പ്രതി നീരജ് ഭട്ടിനെ ജയ്‌പൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം ഡിപ്പാർട്മെന്റിലെ ഓഫീസർ ആണെന്ന് ചമഞ്ഞാണ് പ്രതി ഡെറാഡൂൺ നിരഞ്ജൻപുരിലെ സ്വദേശിയിൽ നിന്നും പണം തട്ടിയത്.
സെപ്റ്റംബർ 9നാണ് തട്ടിപ്പിനിരയായ ആൾക്ക് അപരിചിത നമ്പറിൽ നിന്നും വാട്സ്ആപ് കാൾ ലഭിച്ചത്. പൊലീസ് വേഷമണിഞ്ഞ പ്രതി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കള്ളപണമുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. ഇത് മറ്റാരോടും പറയരുതെന്നും പറഞ്ഞാൽ ജയിലിൽ പോകേണ്ടിയും പിഴ അടക്കേണ്ടിയും വരുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഇത് കേട്ട് പരിഭ്രാന്തിയിലായ നിരഞ്ജൻപുർ സ്വദേശി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മേൽ ഉദ്യോഗസ്ഥനോട് സംസാരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സമയത്ത് നിങ്ങൾ വേറെ എവിടേക്കും പോകുവാൻ പാടില്ലെന്നും പ്രതി പറഞ്ഞു.
പണം അയച്ചാൽ കേസിൽ നിന്നും രക്ഷിക്കാം. രണ്ട് ദിവസങ്ങൾക്കുള്ളിൽ തിരിച്ചുനൽകും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും പ്രതി അവകാശപ്പെട്ടു. സെപ്റ്റംബർ 11 മുതൽ 17 വരെ തട്ടിപ്പ് തുടർന്നു. ഓരോ തവണ ചോദിക്കുമ്പോഴും പണം അയച്ചു കൊടുത്തു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല പിന്നെയും പ്രതി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായ കാര്യം മനസിലായതെന്ന് നിരഞ്ജൻപുർ സ്വദേശി പൊലിസിനോട് പറഞ്ഞു. രണ്ടര കോടിയോളം രൂപയാണ് പ്രതി ഇയാളിൽ നിന്നും തട്ടിയെടുത്തത്.