കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരള മീഡിയ അക്കാദമി ഡയറക്ടറി തയാറാക്കുന്നു. അതില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ വിവരണ ശേഖരണത്തിനായി ഇന്ത്യ പ്രസ് ക്ലബിനെ തെരഞ്ഞെടുത്തു.
കഴിഞ്ഞദിവസം കൊച്ചിയില്‍ മീഡിയ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് നാഷണല്‍ ജോയിന്റ് സെക്രട്ടറി ആശ മാത്യു പ്രസ് ക്ലബിന്റെ സഹായവും സഹകരണവും വാഗ്ദാനം ചെയ്തു.
കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങില്‍ പ്രശസ്ത സംവിധായകന് സിബി മലയില്‍, മീഡിയ അക്കാദമി പുതുതായി ആരംഭിക്കുന്ന ഫിലിം വീഡിയോ കോഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു, യുവ സംവിധായകന് ഫാസില്‍ മുഹമ്മദ് ഓഡിയോ കോഴ്സ് ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകനും പ്രസ്സ് ക്ലബിന്റെ ഇന്ത്യ റീജിയണല്‍ കോഓർഡിനേറ്റാറുമായ പ്രതാപ്, അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ സി.എല്‍. തോമസ്, സെക്രട്ടറി അനില്‍ ഭാസ്കര്‍, വിനീത, ബിജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.