ബോളിവുഡിന്റെ ചരിത്രപുസ്തത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ അധ്യായമാണ് നടി ദിവ്യാ ഭാരതിയുടെ വിയോഗം. നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളും ആകർഷകമായ പുഞ്ചിരിയുമായി വെള്ളിവെളിച്ചെത്തിലെത്തിയ ദിവ്യയ്ക്ക് പക്ഷേ കാലം കാത്തുവെച്ചത് മറ്റൊരു വിധിയായിരുന്നു. 19-ാം വയസ്സിൽ ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു ദിവ്യ. മൂന്നുവർഷം സിനിമയിൽ സജീവമായിരുന്ന അവർ അതിനകം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 22 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞിരുന്നു.

ഇപ്പോഴിതാ ദിവ്യയെ കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടി ഗുഡ്ഡി മാരുതി. ദിവ്യയുടെ മരണശേഷം അമ്മയെ ആശ്വസിപ്പിക്കാനായി അവരുടെ വീട്ടിൽ പോയപ്പോഴുള്ള അനുഭവമാണ് ഗുഡ്ഡി മാധ്യമപ്രവർത്തകനായ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്.

അന്ന് ദിവ്യയുടെ വീട്ടിൽ പോയപ്പോൾ ഒരു പൂച്ചയെ കണ്ടുവെന്നും അതിന്റെ വായയിൽ രക്തമുണ്ടായിരുന്നുവെന്നും ഗുഡ്ഡി പറയുന്നു. വന്നവേഗത്തിൽതന്നെ ആ പൂച്ച അപ്രത്യക്ഷമായെന്നും അവർ കൂട്ടിച്ചേർക്കുന്നു. ദിവ്യ ഭാരതിയുടെ അകാല വിയോഗവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു ബന്ധപ്പെടുത്തലിനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നായിരുന്നു ഗുഡ്ഡിയുടെ മറുപടി.

1992-ൽ പുറത്തിറങ്ങിയ ഷോല ഓർ ശബ്നം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ദിവ്യയും ഗുഡ്ഡിയും ആദ്യമായി കണ്ടുമുട്ടുന്നത്. എപ്പോഴും സന്തോഷത്തോടെ മാത്രം കണ്ടിരുന്ന ദിവ്യ ജീവിതത്തെ ആഘോഷിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് ഗുഡ്ഡി പറയുന്നു. ശരിയായ വിശ്രമം പോലുമെല്ലാതെയാണ് ദിവ്യ ജോലി ചെയ്തിരുന്നതെന്നും അത് അവരുടെ ആരോഗ്യത്തെ ബാധിച്ചിരുന്നിരിക്കാം എന്നും ഗുഡ്ഡി അഭിമുഖത്തിൽ വ്യക്തമാക്കി. 

ദിവ്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും സംവിധായകനുമായ സാജിദ് നാദിയാദ്വാലയ്ക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ഇതെല്ലാം ഗുഡ്ഡി തള്ളിക്കളഞ്ഞു. ‘ദിവ്യയുടെ മരണശേഷം സാജിദ് മോശം അവസ്ഥയിലായിരുന്നു. ആ സംഭവം നടക്കുമ്പോൾ അദ്ദേഹം ഫ്ളാറ്റിൽ പോലുമുണ്ടായിരുന്നില്ല. സാജിദിന്റെ കാർ വന്നോ എന്നറിയാൻ ദിവ്യ ബാൽക്കണിയിലൂടെ ഏന്തിവലിഞ്ഞ് നോക്കുകയായിരുന്നു. അതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു. സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ നീത ലുല്ല ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് സംഭവമുണ്ടാകുന്നത്. ദിവ്യ താഴേക്ക് വീഴുന്നത് ആദ്യം കണ്ടതും നീതയാണ്.’ ഗുഡ്ഡി വ്യക്തമാക്കുന്നു. 

ആരാണ് ദിവ്യ ഭാരതി? 

ശ്രീദേവിയുടെ മുഖച്ഛായയുള്ളതിനാൽ, ജൂനിയർ ശ്രീദേവി എന്നാണവരെ പലരും വിശേഷിപ്പിച്ചിരുന്നത്. ശ്രീദേവിയുടേത് പോലുള്ള നക്ഷത്രക്കണ്ണുകളായിരുന്നു ദിവ്യയുടെ പ്രത്യേകത. പഠിക്കാൻ തീരെ താത്പര്യമില്ലാതിരുന്ന ദിവ്യ അതിൽനിന്ന് രക്ഷപ്പെടാനാണ് സിനിമയിൽ അഭയംതേടിയത്. ”പഠനത്തിൽ അവൾ ബിഗ് സീറോ ആയിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് ഓഫർ വന്നപ്പോൾ തന്നെ ചാടിപ്പിടിച്ചത്’, പലപ്പോഴും ദിവ്യയുടെ അമ്മ മീത പറഞ്ഞിട്ടുണ്ട്. 

കുറച്ചുകാലമേ അഭിനയിച്ചുള്ളൂവെങ്കിലും, വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു ദിവ്യഭാരതി. ഓംപ്രകാശ് ഭാരതി-മീതാ ഭാരതി ദമ്പതികളുടെ മകളായി 1974ലാണ് ദിവ്യ ജനിക്കുന്നത്. വെങ്കിടേഷ് നായകനായ ബോബ്ലിരാജ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ തുടക്കം. പിന്നീട് നിലാ പെണ്ണേ എന്ന തമിഴ് ചിത്രത്തിൽ വേഷമിട്ടു. തെലുങ്കിൽ ശ്രദ്ധ നേടിയ ദിവ്യ വിശ്വാത്മാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ഷാരൂഖ് ഖാന്റെ അരങ്ങേറ്റചിത്രമായ ‘ദീവാന’യിൽ ദിവ്യയായിരുന്നു നായിക. വളരെ പെട്ടെന്നായിരുന്നു സൂപ്പർനായികാ പദവിയിലേക്കുള്ള ദിവ്യയുടെ വളർച്ച. 

പതിനേഴാമത്തെ വയസ്സിലാണ് സംവിധായകനും നിർമാതാവുമായ സാജിദ് നാദിയവാലയെ പരിചയപ്പെടുന്നത്. സാജിദിന്റെ അടുത്ത സുഹൃത്താണ് അഭിനേതാവ് ഗോവിന്ദ. ഷോല ഓർ ഷബ്നം എന്ന സിനിമയിൽ ദിവ്യയും ഗോവിന്ദയുമായിരുന്നു നായികാ-നായകൻമാർ. ഗോവിന്ദയെ കാണാൻവന്ന സാജിദിന്, ഒറ്റനോട്ടത്തിൽ ദിവ്യയെ ഇഷ്ടപ്പെട്ടു. ദിവ്യയെ കാണാൻവേണ്ടി മാത്രം സ്ഥിരമായി സെറ്റിൽ വരാൻ തുടങ്ങി. അടുത്ത ചിത്രമായ ‘ജാൻ സെ പ്യാരാ’യിൽ എത്തിയപ്പോഴേക്കും സാജിദ് പ്രണയം തുറന്നുപറഞ്ഞു. പിന്നീട് കുറച്ചുമാസങ്ങൾ അവരുടെ പ്രണയകാലമായിരുന്നു. 

രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട്, വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് അവർക്കുറപ്പായിരുന്നു. സാജിദിനെ വിവാഹംകഴിക്കാനായി ദിവ്യ മതം മാറുകവരെ ചെയ്തു. പതിനെട്ട് വയസ്സ് തികഞ്ഞയുടനെ വിവാഹം കഴിക്കുകയും ചെയ്തു. ദിവ്യയുടെ കരിയറിനെ ബാധിക്കാതിരിക്കാനായി, വിവാഹം രഹസ്യമാക്കിവെച്ചു. അതിനുശേഷവും ദിവ്യ വീട്ടുകാർക്കൊപ്പം തന്നെയായിരുന്നു താമസം. പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് ദിവ്യയുടെ വീട്ടിൽ ഇക്കാര്യമറിയിക്കുന്നത്. 

വിവാഹംകഴിഞ്ഞ് എട്ടുമാസമേ ദിവ്യ ജീവിച്ചുള്ളൂ. 1993 ഏപ്രിൽ 5-നാണ് അവർ മരിക്കുന്നത്, അതും പത്തൊമ്പതാം വയസ്സിൽ. അഞ്ചാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അത് കൊലപാതകമായിരുന്നോ അപകടമായിരുന്നോ അതോ ആത്മഹത്യയായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്.

ദിവ്യ മരിക്കുന്ന സമയത്ത് വീട്ടിൽ ജോലിക്കാരിയും ഫാഷൻ ഡിസൈനർ നീത ലുല്ല, ഭർത്താവ് ശ്യം ലുല്ല എന്നിവരും ഉണ്ടായിരുന്നു. മൂവരും ടെലിവിഷൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ദിവ്യ ബാൽക്കണയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം സംഭവിക്കുന്നത്. താഴെ വീണ ദിവ്യക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നു.

ദിവ്യയുടെ മരണത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ പ്രചരിച്ചു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സാജിദ് നാഡിയാദ്വാലക്കെതിരേയും ആരോപണങ്ങൾ ഉയർന്നു. 1998 ലാണ് ദിവ്യയുടെ മരണത്തെ സംബന്ധിച്ച കേസ് പോലീസ് അവസാനിപ്പിക്കുന്നത്. അപകടമരണമാണെന്നാണ് പോലീസ് നിഗമനം. ഇന്നും ഇത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല.

മരിക്കുമ്പോൾ കുറേ സിനിമകളുടെ ഭാഗമായിരുന്നു ദിവ്യഭാരതി. ചിലത് ഷൂട്ടിങ് കഴിഞ്ഞിരുന്നെങ്കിലും, ഡബ്ബിങ് പൂർത്തിയാക്കിയിരുന്നില്ല. മറ്റുചിലത് 80 ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞവയാണെങ്കിൽ, ചിലത് പകുതി പൂർത്തിയായതും. സൂപ്പർഹിറ്റായ ‘മൊഹ്റ’യുടെ ചില സീനുകളെടുത്തിരുന്നു. പിന്നീട്, മനീഷ കൊയ്രാളയാണ് അതിൽ അഭിനയിച്ചത്. വിജയ്പഥ്, ദിൽവാലെ, ലാഡ്ല എന്നീ സിനിമകളും ദിവ്യ അഭിനയിച്ചുതുടങ്ങിയവയായിരുന്നു. ഒടുവിൽ ശ്രീദേവി, മനീഷ കൊയ്രാള, ജൂഹി ചൗള എന്നിവരാണ് പകരക്കാരായെത്തിയത്.