വാഷിംഗ്‌ടൺ : മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ 100-ാം ജന്മദിനത്തിൽ പരിഹാസ കമന്റുമായി ഡൊണാൾഡ് ട്രംപ്. വിസ്‌കോൺസിനിലെ വൗനകീയിൽ പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.
നിലവിലെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇപ്പോൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റായി കാർട്ടറിനെ മറികടന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇതാദ്യമായല്ല ട്രംപ് ഈ പരാമർശം നടത്തുന്നത്. മെയ് മാസത്തിൽ ന്യൂജേഴ്‌സിയിലെ വൈൽഡ്‌വുഡിൽ നടന്ന ഒരു റാലിയിൽ അദ്ദേഹം മുൻ ജോർജിയ ഗവർണറെ “ജിമ്മി കോണേഴ്‌സ്” എന്ന് തെറ്റായി പരാമർശിച്ചിരുന്നു. 1970കളിലെ ടെന്നീസ് താരം, കോണേഴ്സും “സന്തുഷ്ടനായിരുന്നു” എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
1977 മുതൽ 1981വരെ അമേരിക്കയുടെ 39-ാമത് പ്രസിഡൻ്റായാണ് ജിമ്മി കാർട്ടർ സേവനം അനുഷ്ഠിച്ചത്. 1924 ഒക്ടോബർ 1ന് ജോർജ്ജിയയിലെ പ്ലെയിൻസിലായിരുന്നു കാർട്ടറുടെ ജനനം. 2018-ൽ 94-ാം വയസ്സിൽ അന്തരിച്ച ജോർജ്ജ് എച്ച് ഡബ്ല്യു ബുഷും 93 വയസ്സ് വരെ ജീവിച്ചിരുന്ന റൊണാൾഡ് റീഗനും ജെറാൾഡ് ഫോർഡുമാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മറ്റ് അമേരിക്കൻ പ്രസിഡൻ്റുമാർ.
ജനാധിപത്യം, സമാധാനം, ആഗോള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജിമ്മി കാർട്ടറുടെ പ്രവർത്തനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. .ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന കാർട്ടർ സ്റ്റേറ്റ് സെനറ്ററായാണ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ജോർജിയയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട കാർട്ടർ 1977ൽ അമേരിക്കൻ പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.