മസ്കും ട്രംപും തമ്മിലുള്ള സൗഹൃദം പുതിയതല്ല. 2022-ൽ ട്രംപിൻ്റെ നിരോധിത അക്കൗണ്ട് എക്സിൽ പുനഃസ്ഥാപിച്ചപ്പോഴാണ് മസ്ക്കും ട്രംപും തമ്മിലുള്ള ബന്ധം വാർത്തകളിൽ ഇടംനേടിയത്. ദീർഘകാലമായി മസ്ക് ട്രംപിനെ പിന്തുണച്ചുവരുന്നു, കൂടാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കാനായി അദ്ദേഹം നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ട്രംപിനുള്ള മസ്കിൻ്റെ പിന്തുണ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് അപ്പുറം സാമ്പത്തികവും കൂടിയാണ്. ട്രംപിൻ്റെ രാഷ്ട്രീയ ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി കഴിഞ്ഞ ജൂലൈയിൽ 118 മില്യൺ ഡോളർ മസ്ക് സംഭാവന നൽകിയിട്ടുണ്ട്.
ട്രംപിന്റെ ലീഡ് സൂചനകള്‍ വന്നയുടനെ ഇലോണ്‍ മസ്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിച്ചു, ‘ഗെയിം, സെറ്റ് ആന്‍ഡ് മാച്ച്’ എന്ന കുറിപ്പോടെ ട്രംപിനൊപ്പം ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. ട്രംപിന്റെ അടുത്തയാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ഓഹരികളും ഇന്ന് വന്‍ കുതിപ്പ് രേഖപ്പെടുത്തി. ടെസ്ലയുടെ ഓഹരികള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 14 ശതമാനം കുതിച്ചുയര്‍ന്നു.
ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ്. അദ്ദേഹം തന്റെ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മസ്കിന്റെ ഈ പുതിയ പോസ്റ്റ് അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളുടെ ഒരു പ്രതിഫലനമായി കണക്കാക്കപ്പെടുന്നു.
ഈ പുതിയ പോസ്റ്റ് വൈറലാവുമ്പോൾ ചർച്ചയാകുന്നത് മസ്കിന്റെ രാഷ്ട്രീയ പ്രവേശനമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മസ്കിന് ക്യാബിനറ്റിൽ ഒരു സ്ഥാനം ഉണ്ടാവുമെന്ന് ട്രംപ് അടുത്തിടെ ഒരു പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ ഇലോൺ മസ്ക് യുഎസ് സർക്കാരിൽ ചേർന്നാൽ അത് രാഷ്ട്രീയത്തിലും ബിസിനസ്സിലും ഒരു പുതിയ അധ്യായമായിരിക്കും കുറിക്കുക.