വാഷിംഗ്ടണ്‍: ബെയ്ജിംഗുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അധികാരമേറ്റ ശേഷം ചൈനയിലേക്ക് പോകാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം ഇന്ത്യ സന്ദര്‍ശനവും ട്രംപിന്റെ മനസിലുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ഉപദേശകരുമായി സംസാരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനയ്ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനൊപ്പമായിരിക്കും ഇന്ത്യയിലും സന്ദര്‍ശനം നടക്കുക. കഴിഞ്ഞ മാസം ക്രിസ്മസിനോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്.

ട്രംപിന്റെ സന്ദര്‍ശനം ഏപ്രില്‍ ആദ്യമോ ഈ വര്‍ഷം അവസാനമോ സംഭവിക്കാം. ഈ വര്‍ഷം നടക്കുന്ന വൈറ്റ് ഹൗസ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ട്രംപ് സംസാരിച്ചിരുന്നു. ”ഞാന്‍ ഷി ജിന്‍പിങ്ങുമായി സംസാരിച്ചു. ഞങ്ങള്‍ക്ക് ഒരുമിച്ച് നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും ഉടനടി ചര്‍ച്ച ആരംഭിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക്, മറ്റ് വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. സംഭാഷണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും,’ ട്രംപ് പറഞ്ഞു. പ്രസിഡന്റ് ഷിയും താനും ലോകത്തെ കൂടുതല്‍ സമാധാനപരവും സുരക്ഷിതവുമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും എന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിനെ ഷി നിയോഗിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ട്രംപ് തന്റെ സ്ഥാനാരോഹണത്തിന് ഷി ജിന്‍പിങ്ങിനെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും.

നാളെയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. ഇതിനായി പ്രഥമവനിത മെലാനിയയ്ക്കും മകന്‍ ബാരോണിനുമൊപ്പം പ്രത്യേക വിമാനത്തില്‍ ട്രംപ് ഡുള്ളസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു.