നാലുദിവസമായി കുടിവെള്ളത്തിനായുള്ള തിരുവനന്തപുരം ന​ഗരത്തിലെ ജനങ്ങളുടെ നെട്ടോട്ടം അവസാനിച്ചു. പൈപ്പ് ലൈനിൻ്റെ പണികൾ പൂർത്തിയായതോടെ ഞായറാഴ്ച രാത്രി പത്തോടെ ന​ഗരത്തിൽ പമ്പിംഗ് ആരംഭിച്ചു. പമ്പിംഗ് ആരംഭിക്കുന്നതിന് അരുവിക്കര പ്ലാൻ്റിലേക്ക് സൂപ്രണ്ടൻ്റ് എൻജിനീയർ നിർദേശം നൽകി.

ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ന​ഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിച്ചിരുന്നു. പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കും. മാധ്യമങ്ങൾ ജനങ്ങളുടെ പരാതി അറിയിക്കാൻ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം നടത്തുമെന്നും മേയർ പറഞ്ഞു.

ജലഅതോറിറ്റി ഉദ്യോഗസ്ഥർക്ക് മേയർ നന്ദി അറിയിച്ചു. നഗരസഭയുടെ അനുവാദത്തോടെ മാത്രമേ ഇത്തരം പ്രവർത്തികൾ ഇനി നടത്താവൂ എന്ന ധാരണയായിട്ടുണ്ട്. പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.