കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനോട് കനിയാതെ പ്രകൃതി. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തെരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൂടാതെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ സാധിച്ചില്ല. 

ശക്തമായ മഴയും കാറ്റും പുഴയിലെ അടിയൊഴുക്കും കാരണം നേവിയുടെ സ്കൂബാ ഡെെവിങ്ങ് ടീമിന് ഇന്നലെ പുഴയിലിറങ്ങാൻ സാധിച്ചില്ല. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല. ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്.