ദുബായ്: സാധനങ്ങൾ വാങ്ങിയ വകയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനുള്ള കടങ്ങളും ഡോക്ടർമാർക്കും നഴ്സുമാർക്കും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളവും നൽകാതിരുന്ന കേസിൽ ആരോഗ്യ സ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി ദുബായ് കോടതി. ഇവർക്കുള്ള കടവും ശമ്പള കുടിശികയും നൽകുന്നതിനായി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് ദുബായിലെ കോടതി.
അടുത്ത ചൊവ്വാഴ്ച (ജനുവരി ഏഴ്) വൈകുന്നേരം അഞ്ച് മണിക്ക് റാസൽ ഖോറിലെ ലേല കേന്ദ്രത്തിൽ വെച്ച് ഇവ ലേലത്തിൽ വിൽക്കുകയും വിറ്റു കിട്ടുന്ന പണം കൊണ്ട് കടവും ശമ്പള കുടിശികയും തീർക്കാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.
കോടതി നിയോഗിച്ച എക്സിക്യൂട്ടർ 2024 മാർച്ചിൽ നടത്തിയ സൈറ്റ് പരിശോധനയെ തുടർന്ന് നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ഉപകരണങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ റിപ്പോർട്ടിൽ സ്ഥാപനത്തിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും പട്ടിക തയ്യാറാക്കി നൽകിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെയും പണം കിട്ടാനുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പരാതിയിലാണ് കോടതിയുടെ നടപടി.
ആരോഗ്യ സ്ഥാപനത്തിലെ എക്സ് – റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങൾ, 1.7 ദശലക്ഷം ദിർഹം വിലമതിക്കുന്ന കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റം എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രോഗികൾക്ക് ഉപയോഗിക്കുന്നതിനായുള്ള കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർദ മോണിറ്ററുകൾ എന്നിവയും ലേലത്തിന് വെച്ച ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 22 ദശലക്ഷം ദിർഹം വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
എക്സിക്യൂട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടക്കാർക്കും ജീവനക്കാർക്കും ലഭിക്കാനുള്ള പണം നൽകുന്നതുവരെ സ്ഥാപനത്തിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞ നവംബറിൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതിനു ശേഷവും ബാധ്യതകൾ തീർക്കാൻ സ്ഥാപന മാനേജ്മെന്റ് മുന്നോട്ട് വരാതിരുന്നതിനെ തുടർന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ ലേലത്തിൽ വിൽക്കാനുള്ള തീയതിയും സമയവും കോടതി നിശ്ചയിച്ചു നൽകുകയായിരുന്നു. ഇതിൽനിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് കുടിശിക കൊടുത്തു തീർക്കും.