ദുബായ്: ദുബായിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ കെട്ടിട ഉടമകള്‍ക്ക് ഇനി മുതല്‍ തോന്നിയ പോലെ കെട്ടിട വാടക നിശ്ചയിക്കാനോ വര്‍ധിപ്പിക്കാനോ കഴിയില്ല. പുതിയ സ്മാര്‍ട്ട് വാടക സൂചിക അഥവാ സ്മാര്‍ട്ട് റെൻ്റല്‍ ഇന്‍ഡക്‌സ് നിലവില്‍ വന്നതോടെയാണിത്. ദുബായിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങള്‍ക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുസൃതമായിരിക്കും ഇനി മുതല്‍ കെട്ടടി വാടക നിശ്ചയിക്കാനും വര്‍ധിപ്പിക്കാനുമുള്ള അനുമതി.

കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍, അത് സ്ഥിതി ചെയ്യുന്ന പ്രദേശം, കെട്ടിടത്തിൻ്റെ വലിപ്പം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാവും കെട്ടിടങ്ങള്‍ റേറ്റിംഗ് നിശ്ചയിക്കുക. ഇതുപ്രകാരം, പഴയ കെട്ടിടങ്ങള്‍ കാലോചിതമായി പുതുക്കിപ്പണിതാല്‍ മാത്രമേ ദുബായില്‍ ഇനി വാടക വര്‍ധിപ്പിക്കാന്‍ കഴിയൂ. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെൻ്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം സിഇഒ മാജിദ് അല്‍ മര്‍റിയാണ് പുതിയ വാടക സംവിധാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെൻ്റ് (ഡിഎല്‍ഡി) ആണ് പുതിയ സ്മാര്‍ട്ട് വാടക സൂചിക പ്രഖ്യാപിച്ചത്. ഏതെങ്കിലും ഏജന്‍സിയോ സ്ഥാപനമോ അല്ല കെട്ടിടങ്ങളുടെ വാടക സൂചിക കണക്കാക്കുക എന്നതാണ് ഇതിൻ്റെ സവിശേഷത. മറിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയായിരിക്കും ഇത് തയ്യാര്‍ ചെയ്യുക. പുതിയ റെൻ്റല്‍ ഇന്‍ഡക്‌സ് കെട്ടിട ഉടമകള്‍ക്കും അതേപോലെ വാടകക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഗുണകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

തുടങ്ങിയവയ ഉള്‍പ്പെടെ ദുബായിലെ എല്ലാ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും വാടക സൂചിക പ്രകാരമുള്ള റേറ്റിങ് ബാധകമാണ്. തുടക്കത്തില്‍ താമസ സമുച്ചയങ്ങളെയാണ് തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. വിപണി മൂല്യം, പ്രദേശത്തിൻ്റെ പ്രാധാന്യം, കെട്ടിടത്തിലെ സൗകര്യം, സുരക്ഷ തുടങ്ങി 60 ഘടകങ്ങള്‍ പരിശോധിച്ചാണ് കെട്ടിടങ്ങളെ തരംതിരിക്കുകയെന്ന് മാജിദ് അല്‍ മര്‍റി പറഞ്ഞു. ഇവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് ഒന്നു മുതല്‍ അഞ്ച് വരെ സ്റ്റാര്‍ റേറ്റിങ് നല്‍കും.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ മാറ്റങ്ങളുണ്ടാവും. ചില കെട്ടിടങ്ങളുടെ വാടക കുറയുകയും ചിലത് കൂടുകയും ചെയ്യും. നിലവില്‍ കെട്ടിടത്തിൻ്റെ ഗുണനിലവാരം വര്‍ഷത്തില്‍ ഒരിക്കലാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ തത്സമയം പരിഷ്‌ക്കരിച്ചു കൊണ്ടേയിരിക്കുമെന്നും മാജിദ് അല്‍ മര്‍റി പറഞ്ഞു. ഇതോടെ വാടക തര്‍ക്കങ്ങള്‍ വലിയ അളവില്‍ കുറയ്ക്കാനാവും. കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒന്‍പത് ലക്ഷം വാടക കരാറുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കൂടുതലാണിത്.