കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന സായുധസംഘർഷത്തിന്റെ ഇരകളായി കുട്ടികൾ. ഗാസാ പ്രദേശത്തുമാത്രം ആറര ലക്ഷം കുട്ടികൾക്ക് കഴിഞ്ഞ ഒക്ടോബർ മുതൽ സ്കൂൾ വിദ്യാഭ്യാസസാധ്യത മുടങ്ങിയെന്ന് പാലസ്തീനയിലെ യൂണിസെഫ് വിഭാഗം എക്സിൽ കുറിച്ചു.
ഗാസാ പ്രദേശത്തെ കുട്ടികളുടെ നിരവധി സ്കൂളുകൾ തകർക്കപ്പെട്ടെന്നും പഠിക്കാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ അവർക്ക് ഇടമില്ലെന്നും, ഗാസാ പ്രദേശത്തെ കുട്ടികളുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിൽ പ്രസിദ്ധപ്പെടുത്തിയ ഒരു വീഡിയോയിലൂടെ ശിശുക്ഷേമനിധി അപലപിച്ചു.. നിലവിലെ സ്ഥിതിയിൽ പ്രദേശത്തെ കുട്ടികൾക്ക് തങ്ങളുടെ രണ്ടാം അദ്ധ്യായനവർഷം കൂടി നഷ്ടപ്പെടാനുള്ള സാധ്യതയാണുള്ളതെന്നും യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.
ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കേണ്ടത് കുട്ടികളുടെ കൂടി ആവശ്യമാണെന്നും യൂണിസെഫ് എഴുതി. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രായേലിന് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ഇരുകൂട്ടരും തുടർന്ന് നടത്തിയ അക്രമ, പ്രത്യാക്രമണങ്ങളിൽ നിരവധി സ്കൂൾ കെട്ടിടങ്ങൾ തകർക്കപ്പെട്ടിരുന്നു.