സെലിബ്രിറ്റികളുടെ വാച്ചുകളെ കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യുന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിൻ എം. ‘ക്രോണോഗ്രാഫ് 2022’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് എഫിൻ റീലുകൾ പങ്കുവെയ്ക്കുന്നത്. അഞ്ചര ലക്ഷത്തോളം ആളുകൾ എഫിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നുമുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം എഫിൻ പങ്കുവെച്ച ഒരു റീൽ നിമിഷനേരത്തിനുള്ളിലാണ് വൈറലായത്. ആറര ലക്ഷത്തോളം പേർ ഈ റീൽ കണ്ടു. ലുലു ഗ്രൂപ്പ് ചെയർമാനും കോടീശ്വനുമായ എംഎ യൂസഫലി എഫിന് ഒരു റാഡോ വാച്ച് സമ്മാനിക്കുന്നതാണ് ആ റീലിലുള്ളത്. ഔദ്യോഗിക പരിപാടികൾക്കായി കേരളത്തിലെത്തിയ എംഎ യൂസഫലി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ വെച്ചാണ് വാച്ച് സമ്മാനിച്ചത്. യൂസഫലിയുടെ ബ്രാൻഡ് ലോഗോ പതിച്ച ഈ വാച്ചിന്റെ ഏകദേശ വില രണ്ട് ലക്ഷം രൂപയാണ്. 

എന്നാൽ എഫിനും യൂസഫലിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നില്ല അത്. കഴിഞ്ഞ ജൂലൈയിൽ എഫിൻ യൂസഫലിക്ക് ഒരു വാച്ച് സമ്മാനിച്ചിരുന്നു. യൂസഫലിയുടെ ഉമ്മയുടെ ചിത്രം പതിപ്പിച്ച വാച്ചായിരുന്നു അത്. ഒരു പ്രസംഗത്തിൽ ഉമ്മയെ കുറിച്ച് വൈകാരികമായി സംസാരിക്കുന്ന യൂസഫലിയെ കണ്ടപ്പോഴാണ് അങ്ങനെയൊരു വാച്ച് സമ്മാനിക്കുന്നതിനെ കുറിച്ച് എഫിൻ ആലോചിച്ചത്.

ഇതിനായി പല തവണ യൂസഫലിയെ കാണാൻ ശ്രമിച്ചു. ഒടുവിൽ ഒന്നര വർഷത്തിനുശേഷം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. യൂസഫലിയുടെ ബന്ധുവിന്റെ വിവാഹത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. അന്ന് ആ സ്പെഷ്യൽ വാച്ച് യൂസഫലിക്ക് എഫിൻ സമ്മാനിക്കുകയും ചെയ്തു. ഇതിന് പകരമായാണ് ഇപ്പോൾ യൂസഫലി ഒരു റാഡോ വാച്ച് നൽകി എഫിനെ അദ്ഭുതപ്പെടുത്തിയത്.