ദുബായ്: ദുബായിലെ ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ‘നിര്‍ണ്ണായക ഇടനാഴി’യായ അല്‍ ജമായേല്‍ സ്ട്രീറ്റിന്‍റെ വികസനം പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സ്ട്രീറ്റിന് ഇരുവശങ്ങളിലേക്കും മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇരു വശങ്ങളിലേക്കും നാലു വീതം ലെയ്‌നുകളാണ് ഈ റോഡിനുള്ളത്.

ജുമൈറ ലേക്സ് ടവേഴ്സ്, ദി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജുമൈറ ഐലന്‍ഡ്സ്, ജുമൈറ പാര്‍ക്ക്, ദി സ്പ്രിംഗ്സ്, എമിറേറ്റ്സ് ഹില്‍സ്, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ഏകദേശം 250,000 നിവാസികള്‍ക്ക് ഈ പാത പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അല്‍ ജമായേല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ ഖുസൈസിന്റെയും ദെയ്റയുടെയും ദിശയിലേക്ക് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വഴിയുള്ള യാത്രകള്‍ ഇതോടെ 40 ശതമാനം വേഗത്തിലാകും. ഇത് പരമാവധി യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി കുറയ്ക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മാത്താര്‍ അല്‍ തായര്‍ പറഞ്ഞു. കൂടാതെ, ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ യലായിസ് സ്ട്രീറ്റ് വഴി ജബല്‍ അലി തുറമുഖത്തേക്കുള്ള യാത്രാ സമയം 21 മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായി 70 ശതമാനം കുറയും.

ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന നിര്‍ണായക ഇടനാഴിയാണ് അല്‍ ജമായേല്‍ സ്ട്രീറ്റ്. ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയേല്‍ സ്ട്രീറ്റ് വഴിയുള്ള ഈ പ്രധാന റൂട്ടുകള്‍ക്കിടയില്‍ ഗതാഗതം വലിയ തോതില്‍ സുഗമമാക്കാന്‍ ഇത് സഹായിക്കും. ഒരു മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള 2,874 മീറ്റര്‍ നീളമുള്ള നാല് പാലങ്ങളുടെ നിര്‍മ്മാണമാണ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്.

പാലങ്ങള്‍ ഘട്ടം ഘട്ടമായി തുറന്നു. ആദ്യത്തേത് 666 മീറ്ററാണ്. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റുകളിലേക്കും ദുബായ് പ്രൊഡക്ഷന്‍ സിറ്റിയിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന് മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ പാലത്തിന് സാധിക്കും.