സ്പേസ് എക്സിന്റെ ചൊവ്വയിലേക്കുള്ള സ്റ്റാർഷിപ്പ് ദൗത്യങ്ങൾക്ക് കമലാ ഹാരിസ് ഭരണകൂടം ഭീഷണിയാവുമെന്ന് ഇലോൺ മസ്ക്. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഭാവി സ്റ്റാർഷിപ്പ് ദൗത്യങ്ങൾ നടക്കണമെങ്കിൽ ഡെമോക്രാറ്റിക് ഭരണകൂടം യുഎസിൽ വീണ്ടും അധികാരമേൽക്കരുതെന്ന് മസ്ക് ആഹ്വാനം ചെയ്തത്.
രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ആളില്ലാ സ്റ്റാർഷിപ്പ് ദൗത്യങ്ങൾ വിക്ഷേപിക്കാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നതെന്ന് മസ്ക് പറയുന്നു. ഓരോ രണ്ട് വർഷം കൂടുമ്പോഴും എത്തുന്ന എർത്ത്-മാർസ് ട്രാൻസ്ഫർ വിൻഡോയിൽ ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാർഷിപ്പുകൾ വിക്ഷേപിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
കുറഞ്ഞ ഇന്ധനചിലവിൽ കുറഞ്ഞ സമയപരിധിയിൽ ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് യാത്ര ചെയ്യാനാകും വിധം ഇരു ഗ്രഹങ്ങലും പ്രത്യേക സ്ഥാനങ്ങളിൽ എത്തുന്ന സമയത്തെയാണ് എർത്ത്-മാർസ് ട്രാൻസ്ഫർ വിൻഡോ എന്ന് വിളിക്കുന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് ഈ സമയം എത്തുക. വരുന്ന എർത്ത്-മാർസ് ട്രാൻസ്ഫർ വിൻഡോയിൽ അഞ്ച് സ്റ്റാർഷിപ്പുകൾ വിക്ഷേപിക്കുമെന്നാണ് മസ്കിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം.
ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന ആരെയും ചൊവ്വയിലേക്ക് പോവാൻ പ്രാപ്തരാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിസാഹസികത ഇഷ്ടപ്പെടുന്ന നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അതിന് സാധിക്കുമെന്നും മസ്ക് പറഞ്ഞു. ക്രമേണ ആയിരക്കണക്കിന് സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് പോവും. മഹത്തരമായ കാഴ്ചയായിരിക്കും അതെന്നും സങ്കൽപ്പിച്ച് നോക്കൂ എന്നും മസ്ക് പറഞ്ഞു.
ഭാവിയിൽ ഭൂമിയ്ക്ക് അപകടകരമായ എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് മനുഷ്യരെ ബഹുഗ്രഹ ജീവികളാക്കി മാറ്റാനാണ് മസ്ക് ശ്രമിക്കുന്നത്. ആണവയുദ്ധം, സൂപ്പർ വൈറസ്, ജനസംഖ്യാ തകർച്ച പോലുള്ള വിപത്തുകൾ സ്റ്റാർഷിപ്പ് പദ്ധതികൾക്ക് ഭീഷണിയാവുമെന്ന ആശങ്ക മസ്ക് പങ്കുവെക്കുന്നു.