ഫ്ലോറിഡ: ബഹിരാകാശത്ത് സ്വകാര്യ കമ്പനികളുടെ ലോഞ്ച് വെഹിക്കിളുകളുടെ മത്സരം പുത്തന്‍ തലത്തിലേക്ക്. ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ചെക്ക് വെക്കാന്‍ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ ഹെവി-ലിഫ്റ്റ് ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് നാളെ (ജനുവരി 10) പരീക്ഷിക്കും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് കന്നി പരീക്ഷണത്തിന് ന്യൂ ഗ്ലെന്‍ റോക്കറ്റ് കുതിച്ചുയരുക. 2000-ൽ ജെഫ് ബെസോസ് സ്ഥാപിച്ച സ്വകാര്യ ബഹിരാകാശ യാത്രാ സേവന കമ്പനിയും ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മാതാക്കളുമാണ് ബ്ലൂ ഒറിജിന്‍. 30 നില കെട്ടിടത്തിന്‍റെ ഉയരമുണ്ട് ന്യൂ ഗ്ലെന്‍ റോക്കറ്റിന്. 

ഫാല്‍ക്കണ്‍ 9 vs ന്യൂ ഗ്ലെന്‍

ഇലോണ്‍ മസ്ക് vs ജെഫ് ബെസോസ്… ബഹിരാകാശ വിക്ഷേപണ രംഗത്ത് അമേരിക്കന്‍ സ്വകാര്യ കമ്പനികളുടെ മത്സരം രണ്ട് ശതകോടീശ്വരന്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറുകയാണ്. വെള്ളിയാഴ്‌ച കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബ്ലൂ ഒറിജിന്‍റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് കുതിച്ചുയരും. പുനരുപയോഗിക്കാന്‍ കഴിയുന്ന ന്യൂ ഗ്ലെന്‍ റോക്കറ്റിന് 320 അടിയാണ് ഉയരം.

സ്പേസ് എക്‌സിന്‍റെ പരീക്ഷണ ഘട്ടത്തിലുള്ള ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ ഉയരം 400 അടിയും. സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിളുമായാണ് ന്യൂ ഗ്ലെന്‍ റോക്കറ്റ് താരതമ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ ഫാല്‍ക്കണേക്കാള്‍ കരുത്ത് ന്യൂ ഗ്ലെന്‍ അവകാശപ്പെടുന്നു.

ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 45 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റിനാവും. സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9ന് വഹിക്കാനാവുന്ന ശേഷി 22.8 മെട്രിക് ടണ്‍ ഭാരവും. വ്യത്യസ്തമായ ഓര്‍ബിറ്റല്‍ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബ്ലൂ റിങ് സ്പേസ്‌ക്രാഫ്റ്റ് പ്ലാറ്റ്‌ഫോം ന്യൂ ഗ്ലെന്‍ പരീക്ഷിക്കും. കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഗ്രൗണ്ട്-ബേസ്‌ഡ് ട്രാക്കിംഗ് എന്നിവയും ന്യൂ ഗ്ലെന്‍ റോക്കറ്റിന്‍റെ ആദ്യ പരീക്ഷണത്തില്‍ പരിശോധനയ്ക്ക് വിധേയമാകും. റോക്കറ്റിന്‍റെ രണ്ടാം ഘട്ടത്തിനൊപ്പം പേലോഡ് ആറ് മണിക്കൂര്‍ ബഹിരാകാശത്ത് തുടരുമെന്നാണ് ബ്ലൂ ഒറിജിന്‍ അറിയിച്ചിരിക്കുന്നത് എന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

ചങ്കിടിപ്പ് ഇലോണ്‍ മസ്കിന്

ന്യൂ ഗ്ലെന്‍ റോക്കറ്റിന്‍റെ ബൂസ്റ്റര്‍ തിരിച്ചെടുക്കുന്നതിന്‍റെ പരീക്ഷണവും ബ്ലൂ ഒറിജിന്‍ നടത്തും. അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന കപ്പലിലായിരിക്കും ബൂസ്റ്റര്‍ തിരികെ ലാന്‍ഡ് ചെയ്യുക. നിര്‍ണായക കൊമേഴ്‌സല്‍, നാസ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കാന്‍ ന്യൂ ഗ്ലെന്‍ വിക്ഷേപണ വാഹനത്തിന്‍റെ പരീക്ഷണം ബ്ലൂ ഒറിജിന് വിജയിപ്പിക്കേണ്ടതുണ്ട്. അതേസമയം സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് മെഗാറോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പറക്കല്‍ ജനുവരി 13ന് നടത്തും. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ കോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മസ്ക് ഭീമാകാരന്‍ സ്റ്റാര്‍ഷിപ്പ് ഒരുക്കുന്നത്. നിലവില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് സ്പേസ് എക്‌സ് പ്രധാന ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.