ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. ജൂനിയറായ മുന്‍ ജീവനക്കാരന്‍ 33 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കമ്പനി കണ്ടെത്തിയത്. സ്വിഗ്ഗി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റൊരു ഏജന്‍സിയെ വച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നത്. മുന്‍ ജീവനക്കാരനെതിരേ കമ്പനി നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 

2023-24 സാമ്പത്തിക വര്‍ഷത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.ഒയ്ക്കായി തയാറെടുക്കുന്ന കമ്പനിയില്‍ ഇത്ര വലിയ ക്രമക്കേട് നടന്നെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിട്ടുണ്ട്. കമ്പനിയുടെ കോര്‍പറേറ്റ് സംവിധാനവും അതിന്റെ കാര്യക്ഷമതയും വളരെ മോശം അവസ്ഥയിലാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.

നഷ്ടം കുറഞ്ഞു 

2023-24 സാമ്പത്തിക വര്‍ഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം. മുന്‍ വര്‍ഷത്തേക്കാള്‍ 44 ശതമാനം നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു. 2024 സാമ്പത്തികവര്‍ഷം 11,247 രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷത്തെ 8,265 കോടി രൂപയേക്കാള്‍ 36 ശതമാനം വര്‍ധന. അതേസമയം, അടുത്തു തന്നെ സ്വിഗ്ഗിയുടെ ഐ.പി.ഒ ഉണ്ടാകും. ഐ.പി.ഒ വഴി 10,414 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

പുതു ഓഹരികള്‍ വഴി 3,750 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 6,664 കോടി രൂപയുമാണ് സമാഹരിക്കുക. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്.

സ്വിഗ്ഗിയില്‍ 33 ശതമാനം ഓഹരിയുള്ള, ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസിനെ കൂടാതെ സോഫ്റ്റ് ബാങ്കും ഒ.എഫ്.എസ് വഴി ഓഹരി വിറ്റഴിച്ചേക്കും. രഹസ്യ സംവിധാനം (confidential route) വഴിയാണ് സ്വിഗ്ഗി ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചത്. 2022ല്‍ സെബി അവതരിപ്പിച്ചതാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിംഗ്. ഇത് വഴി അപേക്ഷിക്കുമ്പോള്‍ പൊതു പ്ലാറ്റുഫോമുകളില്‍ പരസ്യപ്പെടുത്തേണ്ടതില്ല.