റിലീസിനു മുമ്പേ മുൻകൂർ ബുക്കിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ. മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി. ട്രെയിലറിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ് ആരാധകരുടെ കണ്ണിലുടക്കിയത്. അജ്ഞാതനായ ആ ക്യാരക്ടർ അവതരിപ്പിച്ചത് ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഒട്ടുമിക്ക ആരാധകരും.
പല ഊഹാപോഹങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. അത് ഫഹദ് ഫാസിലാണെന്ന് ഉറപ്പിക്കുന്ന തരത്തിൽ വരെ ചർച്ചകളെത്തി. ആമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ പേരുകളും ആരാധകർക്കിടയിൽ ഉയർന്നുകേട്ടു. എന്നാൽ അത് അമേരിക്കൻ നടനായ റിക്ക് യുനെ ആണെന്ന തരത്തിലുള്ള ചർച്ചകളാണ് സാമൂഹികമാധ്യമങ്ങളിൽ സജീവമാകുന്നത്. റിക്ക് യുനെയും പ്രമുഖ സീരീസായ കില്ലിങ് ഈവിലെ നടിയായ ആൻഡ്രിയ തിവാദാറും എംമ്പുരാനിൽ അഭിനയിക്കുന്നുണ്ടെന്ന് ഒരു ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോസ്റ്ററിൽ പുറംതിരിഞ്ഞുനിൽക്കുന്നത് റിക്ക് യുനെ ആണെന്ന് പലരും ഉറപ്പിക്കുന്നു.
റിക്ക് യുനെയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകൾ മലയാളികളുടെ കമന്റുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. താരം എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. ചിലരാകട്ടെ എമ്പുരാനിലെ ആ കഥാപാത്രം റിക്ക് തന്നെയെന്ന് ഉറപ്പിക്കുന്നു. നമ്മൾ കണ്ടുപിടിക്കില്ലെന്ന് കരുതിയോ, പുറംതിരിഞ്ഞുനിന്നാൽ ആളെ മനസിലാവില്ലെന്ന് കരുതിയോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് റിക്കിന്റെ പ്രൊഫൈൽ നിറയെ.