അധികാരത്തിലേറിയതിനു പിന്നാലെ കടുത്ത ഭരണപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ തൊഴിലിടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് തുല്യപരിഗണനയും അവസരവും ഉറപ്പാക്കുന്ന ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡി.ഇ.ഐ) പദ്ധതി നിർത്തലാക്കാൻ നടപടി തുടങ്ങി.
ഡി.ഇ.ഐ പദ്ധതി നടപ്പാക്കുന്ന മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടാൻ വെള്ളിയാഴ്ചക്കകം പട്ടിക തയാറാക്കണമെന്ന് ഫെഡറൽ ഏജൻസികൾക്ക് ഭരണകൂടം നിർദേശം നൽകി. പിരിച്ചുവിടുന്നതിനു മുമ്പ് വേതനത്തോടെ അവധിയിൽ പോകാൻ ഡി.ഇ.ഐ വകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. പേഴ്സനൽ മാനേജ്മെന്റിന്റെ ഓഫിസാണ് ഇതു സംബന്ധിച്ച മെമ്മോ ചൊവ്വാഴ്ച പുറത്തിറക്കിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ അവധിയിൽ പോകാനാണ് നിർദേശം.
ഡി.ഇ.ഐ സംബന്ധിച്ച വിവരങ്ങൾ വകുപ്പുകളുടെ വെബ്സൈറ്റിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം വരുന്നതിനു മുമ്പുതന്നെ യു.എസ് ട്രഷറി വകുപ്പിന്റെ വെബ്സൈറ്റിൽനിന്നടക്കം ഈ വകുപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നീക്കം ചെയ്തു. ഡി.ഇ.ഐ പരിശീലനവും കരാറുകളും അവസാനിപ്പിക്കണം. ഡി.ഇ.ഐ പദ്ധതികൾ പേരു മാറ്റി നടപ്പാക്കുന്നുണ്ടോയെന്ന് 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മെമ്മോയിൽ മുന്നറിയിപ്പ് നൽകി.
സർക്കാർ തൊഴിലുകളിൽ തുല്യപ്രാധിനിധ്യം ഉറപ്പാക്കുന്ന പദ്ധതികൾ നിർത്തലാക്കുന്ന ഉത്തരവിൽ സത്യപ്രതിജ്ഞക്ക് പിന്നാലെ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെമ്മോ പുറത്തിറക്കിയത്.
അമേരിക്കയിലെ വെളുത്തവർഗക്കാരോട് വിവേചനം കാണിക്കുന്ന നിയമന രീതികൾ ഉടച്ചുവാർക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ട്രംപ് നടപ്പാക്കി തുടങ്ങിയത്. ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡി.ഇ.ഐ പദ്ധതികൾ രാജ്യത്തെ വൻകിട കമ്പനികളായ വാൾമാർട്ടും മക്ഡൊണൾഡ്സും അവസാനിപ്പിച്ചിരുന്നു.