ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 53-ാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചു. 2028-ൽ അടുത്ത അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് സിഡ്നി ആതിഥേയത്വം വഹിക്കും. വെനസ്വേലയിലെ കാരക്കാസിലെ ആർച്ച് ബിഷപ്പും ഈ വർഷത്തെ അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ  പൊന്തിഫിക്കൽ ഡെലഗേറ്റുമായ കർദിനാൾ ബാൾട്ടസാർ പോറസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കർദ്ദിനാൾ പോറസിന്റെ  അധ്യക്ഷതയിൽ ക്വിറ്റോയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തിൽ നടന്ന വിശുദ്ധ കുർബാനയുടെ ഭാഗമായിട്ടായിരുന്നു അടുത്ത ദിവ്യകാരുണ്യ കോൺഗ്രസ് എവിടെയായിരിക്കുമെന്ന പ്രഖ്യാപനം നടന്നത്. “ഫ്രാൻസിസ് മാർപാപ്പയുടെ നാമത്തിലും കൽപ്പനപ്രകാരവും 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028 ൽ സിഡ്നി നഗരത്തിൽ നടക്കുമെന്ന് നിങ്ങളോട് പ്രഖ്യാപിക്കുന്നു” കർദ്ദിനാൾ വെളിപ്പെടുത്തി.

1928-ൽ 29-ാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടന്ന സ്ഥലമായിരുന്നു സിഡ്നി.