ഫ്‌ലോറിഡ: ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണിക തേടി ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ കുതിക്കാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് അയക്കുന്ന ക്ലിപ്പര്‍ പേടകം ഒക്ടോബര്‍ 14 തിങ്കളാഴ്ച മുമ്പ് വിക്ഷേപിക്കില്ലെന്ന് നാസ അറിയിച്ചു. എങ്കിലും ക്ലിപ്പര്‍ ദൗത്യത്തിനായുള്ള അന്തിമ തയ്യാറെടുപ്പുകള്‍ നടത്താന്‍ നാസ നിര്‍ദേശം നല്‍കി.
പേടകത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 10ന് നടത്തേണ്ടിയിരുന്നതാണെങ്കിലും ഫ്‌ലോറിഡയില്‍ വീശിയ മില്‍ട്ടണ്‍ കൊടുങ്കാറ്റ് കാലാവസ്ഥ മോശമാക്കിയതിനെ തുടര്‍ന്നാണ് നാസ വിക്ഷേപണ തിയതി നീട്ടിയത്. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബഹിരാകാശ പേടകം വിക്ഷേപിക്കുക. ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പമുള്ള യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന് 6000 കിലോഗ്രാം ഭാരമുണ്ട്.
വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെയാണ് ക്ലിപ്പര്‍ പേടകം നേരിട്ടെത്തി പഠിക്കുക. 9 നവീന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ക്ലിപ്പര്‍ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയില്‍ ജീവന്റെ തുടിപ്പുകളുണ്ടെങ്കില്‍ അത് കണ്ടെത്തുകയാണ് ക്ലിപ്പറിന്റെ ലക്ഷ്യം. യൂറോപ്പയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയില്‍ ജലം ഒളിഞ്ഞിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.
യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുകളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തെര്‍മല്‍ ഇമേജിംഗ്, സ്പെക്ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
അഞ്ച് വര്‍ഷത്തിലേറെ സമയമെടുത്താണ് വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് ക്ലിപ്പര്‍ പേടകം പ്രവേശിക്കുക. 2030ല്‍ യൂറോപ്പ ക്ലിപ്പര്‍ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തും. അതീവ ദുഷ്‌ക്കരമായ ദൗത്യത്തിനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ സംരംഭകരായ സ്‌പേസ് എക്സും തയ്യാറെടുക്കുന്നത്.