കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് വ്യക്തമാക്കുന്ന സി.എ.ജി. റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ച് കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
“പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല.” കെ. കെ ശൈലജ പറഞ്ഞു.
നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞുവെന്നും കെ കെ ശൈലജ പറഞ്ഞു.