ദുബായ്: ദുബായിയുടെ ബിസിനസ്, ടൂറിസം, വിനോദ മേഖലകളുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന ദുബായ് എക്‌സ്‌പോ സിറ്റിയുടെ വികസനത്തിനുള്ള പുതിയ മാസ്റ്റര്‍ പ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
75,000 ത്തോളം ആളുകള്‍ക്ക് താമസ സൗകര്യങ്ങളും ബിസിനസ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പുതിയ എക്സ്പോ സിറ്റി ഒുങ്ങുന്നത്. എക്സ്പോ 2020 ദുബായ്, യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് (കോപ്28) എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച നഗരത്തെ ദുബായുടെ ഭാവി വളര്‍ച്ചയുടെ പ്രധാന ചാലകമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ച് ജില്ലകളിലായി 3.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ സിറ്റി ദുബായില്‍ 35,000-ത്തിലധികം താമസക്കാര്‍ക്കും 40,000 പ്രൊഫഷണലുകള്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങണ്ടാകും.
എക്സ്പോ സിറ്റി ദുബൈയെ പയനിയര്‍മാര്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഒരു ഹബ്ബായും, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കുമുള്ള ഒരു ആകര്‍ഷണ കേന്ദ്രമായും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ഊര്‍ജസ്വലവും സമ്പുഷ്ടവുമായ ഒരു സമൂഹം എന്നീ നിലകളിലാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ ഒരുക്കിയിക്കുന്നത്. ഈ നഗരം യുഎഇയിലെ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും സ്തംഭമായി മാറിയിരിക്കുന്നുവെന്നും ദുബായുടെ വിജയഗാഥയിലെ ഒരു പുതിയ അധ്യായമായി അത് ലോകത്തെ വിസ്മയിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതിയും തന്ത്രപ്രധാനമായ സ്ഥാനവും ഉപയോഗിച്ച്, എക്സ്പോ സിറ്റി ഭാവിയിലെ നഗരങ്ങള്‍ക്ക് മാതൃകയാകുമെന്നും ദുബായ് സാമ്പത്തിക അജണ്ടയുടെ അഭിലാഷ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സ്പോ സിറ്റി ദുബായിയുടെ വിപുലീകരണ പദ്ധതികള്‍ ദുബായ് സൗത്ത് മേഖലയിലെ വികസനത്തിന് വഴിയൊരുക്കും. അല്‍ മക്തൂം വിമാനത്താവളം, ജബല്‍ അലി തുറമുഖം, ദുബായ് എക്സിബിഷന്‍ സെന്റര്‍ എന്നിവയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം നിക്ഷേപകര്‍ക്ക് ഏറെ സഹായകമാവും. അഞ്ച് പ്രധാന നഗര കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന എക്‌സ്‌പോ സിറ്റി, ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.