ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ ചൊവ്വാഴ്ച അടിയന്തിരമായി താഴെയിറക്കി. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലക്നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം എന്നിങ്ങനെ അഞ്ച് വിമാനങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായത്.

ഭീഷണിയെത്തുടര്‍ന്ന് ഡെല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി കാനഡയിലെ ഒരു വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടു. ഇകാല്യൂട്ട് വിമാനത്താവളത്തില്‍ ഇറക്കിയ എഐ127 വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. ഇതോടെ ബോംബ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് പതിവായിട്ടുണ്ട്. ഏതാനും മാസങ്ങളായി ഇന്ത്യയിലെ ആശുപത്രികള്‍ക്ക് വ്യാപകമായി വ്യാജ ബോംബ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.