ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗാസ്സയിൽ ഏതാണ്ട് എല്ലാവരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസ്സയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കാൻ സംഘടന ആവശ്യപ്പെടുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ​

ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേ​ഗം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ​ഗാസ്സയിൽ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിർത്തലാണെന്നും അതെത്രയും വേ​ഗം നടപ്പാവണമെന്നും ലോകാരോ​ഗ്യ സംഘടന ആവശ്യപ്പെട്ടു. 2006 മുതൽ ഇസ്രായേൽ ​ഗാസ്സയിൽ ഉപരോധം ഏർപ്പെടുത്തുകയാണ്. ഇത് ആ മേഖലയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.​ഗാസ്സയിൽ കുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം മരിക്കുന്നതായി മാർച്ചിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 

വടക്കൻ ഗാസ്സയിലെ അൽ-അവ്ദ, കമാൽ അദ്‌വാൻ ആശുപത്രികളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധമാണ് ​ഗാസ്സയിലെ പട്ടിണി രൂക്ഷമാവാൻ കാരണം.   കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ്, പട്ടിണി മൂലം മരിക്കുന്ന അവസ്ഥ, ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവയുടെ ഗുരുതരമായ ദൗർലഭ്യം, ആശുപത്രി കെട്ടിടങ്ങൾ തകർത്തത് എന്നിവ ​സന്ദർശനത്തിൽ കണ്ടെത്തിയതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു. സുരക്ഷിതവും സ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും ടെഡ്രോസ് ഇസ്രായേലിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം പുല്ലുപോലെ തള്ളുകയാണ് ഇസ്രായേൽ.