ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഫെഫ്ക രംഗത്ത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി.) ആരോപണങ്ങള്‍ക്ക് മറുപടിനല്‍കിയും ഫെഫ്ക വിശകലനരേഖ പുറത്തിറക്കി.

 ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നുവെന്ന വാദത്തെ അവര്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സഹിതം വ്യക്തമാക്കുന്ന കുറിപ്പാണ് പുറത്തിറക്കിയത്. പതിനഞ്ചംഗ പവര്‍ഗ്രൂപ്പ്, മാഫിയ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഹേമ കമ്മറ്റിക്കുമുന്‍പില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ ചില സാക്ഷികള്‍ നിര്‍മിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു.

പരിഗണനാവിഷയങ്ങളില്‍ പറയുന്ന എല്ലാ ഇനങ്ങളെയും തുല്യപ്രാധാന്യത്തോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് വിശകലനരേഖയില്‍ പറയുന്നു. സേവനവേതനവ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അധ്വാനസമയത്തെക്കുറിച്ചും നിലവിലുള്ള വേതനവ്യവസ്ഥയെക്കുറിച്ചുമുള്ള വിശദപഠനം ഇല്ല.