പൊന്തിഫിക്കൽ ഗായകസംഘത്തിന്റെ ചുമതല വഹിച്ചിരുന്നവർക്കെതിരെ ഉന്നയിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, തെറ്റായ ഭരണം എന്നീ ആരോപണങ്ങളിൽ വത്തിക്കാൻ കോടതി വിധി പ്രഖ്യാപിച്ചു. വത്തിക്കാൻ ഗായകസംഗത്തിന്റെ ചുമതല വഹിച്ചിരുന്ന, സലേഷ്യൻ വൈദികൻ മോൺസിഞ്ഞോർ മാസിമോ പാലൊംബെല്ല, മിക്കലാഞ്ചലോ നാർദെല്ല , സിമോണ റോസി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏകദേശം ഒന്നര വർഷമായി തുടരുന്ന വിചാരണനടപടികൾ ഈ ശിക്ഷാപ്രഖ്യാപനത്തോടെ അവസാനിച്ചതായും കോടതി അറിയിച്ചു. മോൺസിഞ്ഞോർ മാസിമോ പലോംബെല്ലയെ 3 വർഷവും 2 മാസവും തടവിനും, ഒൻപതിനായിരം  യൂറോ പിഴയും ചുമത്തിയാണ് ശിക്ഷവിധിച്ചത്, അതേസമയം ഗായകസംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ഡയറക്ടറായിരുന്ന  മിക്കലാഞ്ചലോ നാർദെല്ലയെ 4 വർഷവും 8 മാസവും തടവും, 7,000 യൂറോ പിഴയും, അദ്ദേഹത്തിന്റെ ഭാര്യ സിമോണ റോസിക്ക് 2 വർഷം തടവും 5,000 യൂറോ പിഴയും പൊതു കാര്യാലയങ്ങളിൽ തുടരുന്നതിനുള്ള ശാശ്വതമായ വിലക്കും ഏർപ്പെടുത്തിയതാണ് കോടതി വിധിച്ചത്.

സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഇറ്റാലിയൻ കമ്പനികൾക്ക് അനുകൂലമായി കച്ചേരികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാൻ ഗായകസംഘത്തിന്റെ ഓഫീസ് ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.

നടപടികളുടെ ഭാഗമായി, ഓഫീസ് ദുരുപയോഗം ചെയ്തതിൻ്റെ ലാഭമായി ലഭിച്ച ഒരുലക്ഷത്തി ഇരുപത്തിയേഴായിരം യൂറോയും, പലിശയും, മറ്റു  പുനർമൂല്യവുമെല്ലാം കണ്ടുകെട്ടുന്നതിനും, കോടതിവ്യവഹാരത്തിനുള്ള മുഴുവൻ ചിലവുകളും പ്രതികൾ വഹിക്കുന്നതിനും വിധിയിൽ പ്രസ്താവിക്കുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതിനാലോ വസ്തുത നിലവിലില്ലാത്തതിനാലോ ചില ആരോപണങ്ങളിൽ നിന്നും പ്രതികളെ ഒഴിവാക്കിയിട്ടുമുണ്ട്.

വർഷങ്ങളോളം ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്വകാര്യ  സെക്രട്ടറിയും, പാപ്പൽ ഹൗസ്‌ഹോൾഡിൻ്റെ പ്രീഫെക്റ്റുമായിരുന്ന മോൺസിഞ്ഞോർ ഗെയോർഗ് ഗാൻസ്വൈനെയും കോടതിയിൽ സാക്ഷിയായി വിസ്തരിച്ചിരുന്നു. ഗായകസംഘത്തിലെ കുട്ടികളോടുള്ള കടുത്ത പെരുമാറ്റം, പരാതികൾ, ബജറ്റിലെ അപാകതകൾ എന്നിവയെക്കുറിച്ച് ആർച്ചുബിഷപ്പ് കോടതിയിൽ അറിയിച്ചിരുന്നു.

സാമ്പത്തിക കാര്യങ്ങളിൽ വത്തിക്കാന്റെ സുതാര്യതയും, സൂക്ഷ്മതയുമാണ് ഈ വിധിയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്.