ചൈനയിലെ പുതിയ രൂപതയായ ലുലിയാങ് രൂപതയുടെ ആദ്യ ബിഷപ്പായി 51 കാരനായ ബിഷപ്പ് അന്റോണിയോ ജി വെയ്ഷോംഗ് തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ വത്തിക്കാൻ ചൈനീസ് ഗവൺമെന്റ് ബിഷപ്പുമാരുടെ നിയമനത്തിനുള്ള താൽക്കാലിക കരാറിൽ ഒപ്പുവച്ചതിനുശേഷമുള്ള പതിനൊന്നാമത്തെ ബിഷപ്പാണ് ഇദ്ദേഹം.
ലുലിയാങ്ങിന്റെ സിറ്റി പ്രിഫെക്ചറിന്റെ ഭാഗമായ ഫെയ്യാങ്ങിലെ കത്തീഡ്രലിൽ മെത്രാഭിഷേകം ആഘോഷിച്ചതായി വത്തിക്കാൻ ഏജൻസി ഫൈഡ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാങ്സി പ്രവിശ്യയിൽ നിന്നും ചൈനയുടെ മറ്റുഭാഗങ്ങളിൽ നിന്നുമായി 130 വൈദികരും സന്യാസിനിമാരും വൈദികാർഥികളും അൽമായരുമടക്കം 450 പേർ പങ്കെടുത്തു.
1973 ഓഗസ്റ്റ് മൂന്നിന് ജനിച്ച ബിഷപ്പ് അന്റോണിയോ ജി വെയ്ഷോംഗ് തന്റെ അമ്മയുടെ ജീവിത സാക്ഷ്യത്തിലൂടെയാണ് താൻ കത്തോലിക്കാ വിശ്വാസത്തിൽ വളർന്നതെന്ന് പങ്കുവച്ചു. 1995 മുതൽ 2001 വരെ ബെയ്ജിംഗിലെ നാഷണൽ സെമിനാരിയിൽ ദൈവശാസ്ത്രം പഠിച്ചു. 2001 ഒക്ടോബർ 14 ന് ഫെന്യാങ് രൂപതയുടെ പുരോഹിതനായി അദ്ദേഹം നിയമിതനായി.