ലോക്സഭയിലെ തന്‍റെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച്‌ വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.

ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്‍റിലെ ആദ്യ പ്രസംഗം തുടങ്ങിയത്. രാജ്യത്തിന്‍റെ ശബ്ദമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മുടെ ജനതക്ക് തുല്യതയും ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നല്‍കുന്നു. എന്നാല്‍ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങള്‍ ബിജെപി പ്രയോഗിച്ചു. ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്നും പ്രിയങ്ക ചോദിച്ചു.

ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച്‌ ചെറുക്കുമെന്നും പ്രിയങ്ക സഭയില്‍ ആവർത്തിച്ചു.

അദാനി വിഷയം സഭയിൽ ഉയർത്തിയ പ്രിയങ്ക ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി. വിലക്കയറ്റവും  തൊഴിലില്ലായ്മയും ജനത്തെ വരിഞ്ഞുമുറുക്കുന്ന വേളയിലും സർക്കാർ പിന്തുണക്കുന്നത് അദാനിയെയാണ്. കർഷകരെ ഉപേക്ഷിച്ചിരിക്കുന്നു. ഒരു വ്യക്തി വേണ്ടി ഒരു ജനതയെ മോദി സർക്കാർ വഞ്ചിക്കുകയാണെന്നും .പ്രിയങ്ക ആഞ്ഞടിച്ചു.