യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘം വിമാനത്തില്‍ കോസ്റ്റാറിക്ക തലസ്ഥാനമായ സാന്‍ജോസിലെത്തി. ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം കുടുംബങ്ങളും ആളുകളുമാണ് സാന്‍ജോസിലെത്തിയത്. കുട്ടികളും ഈ സംഘത്തിലുണ്ട്. 

നാടുകടത്തപ്പെട്ട 135 ആളുകളെയാണ് യുഎസ് വിമാനം കോസ്റ്റാറിക്കയിലെത്തിച്ചത്. യുഎസ് നാടുകടത്തുന്ന ആളുകളെ അതാതാ രാജ്യങ്ങളിലേക്ക് അയക്കുന്നതു വരെ തടഞ്ഞുവെക്കാന്‍ കോസ്റ്റാറിക്കയുമായി കരാറിലെത്തിയിരുന്നു. ഇത് പ്രകാരമാണ് കുടിയേറ്റക്കാരെ സാന്‍ജോസിലെത്തിച്ചത്. ഈ മാസം ആദ്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശന വേളയിലാണ് ട്രംപ് ഭരണകൂടം കോസ്റ്റാറിക്കയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്.  

കോസ്റ്റാറിക്കയിലെത്തുന്ന കുടിയേറ്റക്കാരെ പനാമ അതിര്‍ത്തിക്കടുത്തുള്ള ഒരു ഗ്രാമീണ തടഞ്ഞുവെക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.  അവിടെ അവരെ ആറാഴ്ച വരെ തടങ്കലില്‍ പാര്‍പ്പിക്കുമെന്നും അവരുടെ രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകുമെന്നും കോസ്റ്റാറിക്കയുടെ ആഭ്യന്തര, പോലീസ് ഉപ മന്ത്രി ഒമര്‍ ബാഡില്ല പറഞ്ഞു. യുഎസ് ഗവണ്‍മെന്റാണ് ഇതിന്റെ ചെലവ് വഹിക്കുക.