ലോകത്തിലെ ഏറ്റവും വലിയ ചൂടുള്ള മരുഭൂമിയാണ് സഹാറ. മാത്രമല്ല, ലോകത്തിലെ മൂന്നാമത്തെ വലിയ മരുഭൂമിയായി ഇത് കണക്കാക്കപ്പെടുന്നു. ഇപ്പോഴിതാ, സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ മരുഭൂമി. കരാണം മറ്റൊന്നുമല്ല, ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം വന്നിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി തെക്കുകിഴക്കന്‍ മെറോക്കോയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം എത്തിയത്. സഹാറയുടെ ചില ഭാഗങ്ങളിലാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്. അത്യപൂര്‍വ്വമായ പ്രതിഭാസമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഇറിക്വി തടാകം പ്രളയത്തില്‍ നിറഞ്ഞു കവിഞ്ഞു. അരനൂറ്റാണ്ടായി ഈ തടാകം വരണ്ട അവസ്ഥയിലായിരുന്നു. നാസ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ തടാകം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാണാം. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങള്‍ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മൊറോക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ ലഭിച്ചിട്ട് 30 മുതല്‍ 50 വര്‍ഷം വരെയായെന്ന് മൊറോക്കോയിലെ കാലാവസ്ഥാ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ ഹുസൈന്‍ യൂബെബ് പറഞ്ഞു. കാലാവസ്ഥാ നിരീക്ഷകര്‍ ഈ പ്രതിഭാസത്തെ ഒരു എക്‌സ്ട്രാ ട്രോപ്പിക്കല്‍ സ്റ്റോം എന്നാണ് വിശേഷിപ്പിച്ചത്.
എന്നാലിത് പ്രദേശത്തിന്റെ കാലാവസ്ഥയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒന്‍പത് ദശലക്ഷം ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് സഹാറ മരുഭൂമി. ഇവിടുത്തെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണികളാണ് ഉയര്‍ത്തുന്നത്. ഭാവിയില്‍ ഈ മേഖലയില്‍ തീവ്രതയുള്ള കൊടുങ്കാറ്റുകള്‍ ഇടയ്ക്കിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, മൊറോക്കോയിലെ വെള്ളപ്പൊക്കം കഴിഞ്ഞ മാസം 18 പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. തെക്കുകിഴക്കന്‍ മേഖലയിലെ അണക്കെട്ടുകളുള്ള ജലസംഭരണികള്‍ സെപ്റ്റംബറില്‍ വലിയ രീതിയില്‍ വീണ്ടും നിറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോ മീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ടാഗോനൈറ്റ് ഗ്രാമത്തില്‍ 24 മണിക്കൂറിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്.