നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാൻസിൽ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.

റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതർ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. തകരാരുകള്‍ പരിഹരിക്കാന്‍ ഓരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. 

പ്രതിരോധമന്ത്രി സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഗെയിംസിന് മുന്നോടിയായുള്ള യാത്ര തടസ്സപ്പെടുത്തുന്നതിനുള്ള “ഏകോപിത അട്ടിമറി” എന്നാണ് ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. പാരീസിനെ പടിഞ്ഞാറൻ, വടക്കൻ, കിഴക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന ലൈനുകളിലെ ഇൻസ്റ്റാളേഷനുകളാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നും വാരാന്ത്യത്തിൽ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ടിജിവി നെറ്റ്‌വർക്ക് പറഞ്ഞു.