ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ, മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്, ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുകയും, ഉക്രൈനിലെ സ്ഥിതിഗതികൾ വിവരിക്കുകയും ചെയ്തു.
വത്തിക്കാനിൽ പുരോഗമിക്കുന്ന ആഗോള കത്തോലിക സഭയുടെ സിനഡിൽ സംബന്ധിക്കുന്ന ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ, മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്, ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. ഒക്ടോബർ മാസം പത്താം തീയതി വ്യാഴാഴ്‌ച്ചയാണ് കൂടിക്കാഴ്ച നടത്തിയത്. തദവസരത്തിൽ, ഏറെ വിഷമതകൾ അനുഭവിക്കുന്ന ഉക്രൈൻ ജനതയെ കുറിച്ച് താൻ ആശങ്കാകുലനാണെന്നു ഫ്രാൻസിസ് പാപ്പാ പങ്കുവച്ചതായി ആർച്ചുബിഷപ്പ് പറഞ്ഞു. പരിശുദ്ധ പിതാവിനെ സന്ദർശിക്കുവാനും, ശ്രവിക്കുവാനും ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഒക്ടോബർ പതിനൊന്നാം തീയതി എത്തുന്നതിന് താൻ ദൈവത്തിനു ഏറെ നന്ദി പറയുന്നുവെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ചും, യുദ്ധ ദുരന്തത്തെക്കുറിച്ചും, ശീതകാലം ആസന്നമായതിനാൽ ഇപ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും പരിശുദ്ധ പിതാവിനെ അറിയിക്കാൻ താൻ ആഗ്രഹിച്ചുവെന്നു ആർച്ചുബിഷപ്പ് വത്തിക്കാൻ മാധ്യമത്തിനനുവദിച്ച സംഭാഷണത്തിൽ പറഞ്ഞു. ഉക്രെയ്നിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ദുർബലരായ ജനങ്ങളോടും ഫ്രാൻസിസ് പാപ്പാ കാണിക്കുന്ന ശ്രദ്ധ പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച്ചയിൽ തനിക്ക് ഏറെ ബോധ്യപ്പെട്ടുവെന്നും ആർച്ചുബിഷപ്പ് പങ്കുവച്ചു.
നിരാശരായ ഒരു ജനതയ്ക്ക് എല്ലായ്പ്പോഴും പ്രത്യാശയുടെ വചനം നൽകുന്നതിന്, യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും , ഗ്രീക്ക് കത്തോലിക്കാ സഭയുടെ മെത്രാൻ സിനഡ് തയ്യാറാക്കിയ ഇടയലേഖനവും ഫ്രാൻസിസ് പാപ്പായ്ക്ക് കൈമാറി. ജനങ്ങൾക്ക് വേണ്ടി മെത്രാന്മാരും, വൈദികരും, സന്യസ്തരും നടത്തുന്ന വീരോചിതമായ സേവനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദിയർപ്പിച്ചു. ഒപ്പം തന്റെ പ്രാർത്ഥനകളും, അനുഗ്രഹങ്ങളും പരിശുദ്ധ പിതാവ് ഉറപ്പു നൽകുകയും ചെയ്തു. പീഡിപ്പിക്കപ്പെടുന്ന ഉക്രൈനെ ഇപ്പോഴും ഓർമ്മിക്കുന്നതിനും, രണ്ടു പുരോഹിതരുടെ മോചനത്തിനായി പാപ്പാ നടത്തിയ പരിശ്രമങ്ങൾക്കും ആർച്ചുബിഷപ്പ് ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദികളർപ്പിച്ചു. ഈ ശൈത്യകാലത്ത് ഏകദേശം 6 ദശലക്ഷം ഉക്രേനിയക്കാർക്ക് ഭക്ഷ്യ അടിയന്തരാവസ്ഥ അനുഭവപ്പെടും. അതിനാൽ ഉക്രൈനിലെ പാവപ്പെട്ട ജനതയോടുള്ള എല്ലാവരുടെയും അകമഴിഞ്ഞ സഹായങ്ങളും ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.