പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സർക്കാർ നിലംപതിച്ചു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡോടെ ബാർണിയ പുറത്താകുന്നത്. 1962 നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരുമാണ് ബാര്‍ണിയറുടേത്.
മൂന്ന് മാസം മുൻപാണ് ബാർണിയ ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 331 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത സര്‍ക്കാരിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും.
ജൂലായില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍ആര്‍ പാര്‍ട്ടി നേതാവായ മിഷേല്‍ ബാര്‍ണിയറെ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ തഴഞ്ഞ് ബാർണിയയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.