രേഖ നായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു

By Karthick

Thursday 07 Sep 2017 20:32 PM

ന്യൂജേഴ്‌സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി ആദരിക്കുന്നതെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

സ്വന്തം വൃക്ക മുറിച്ചു നല്‍കി നന്മയും ധൈര്യവും കാട്ടിയ രേഖ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയ ന്യൂജേഴ്‌സി നിവാസി ദീപ്തി നായര്‍ ഇപ്പോള്‍ ജീവിതിത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഹ്യൂമന്‍ റിസോഴ്‌സസില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള രേഖ ഹൗസിങ് അതോറിറ്റിയില്‍ സീനിയര്‍ ഡേറ്റാ അനലിസ്റ്റാണ്. നര്‍ത്തകിയായ രേഖ ന്യൂയോര്‍ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കലാകേന്ദ്ര നൃത്തവിദ്യാലയം നടത്തുന്നു. ഫോമയുടെ വിമന്‍സ് ഫോറം സെക്രട്ടറിയായ രേഖ മഴവില്‍ എഫ് എമ്മിന്റെ പ്രോഗ്രാം മാനേജരായും പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ്ണ സമ്മതം വാങ്ങി വൃക്കദാനം നല്‍കിയ രേഖ ഏഴ് വയസ്സുകാരി ദേവിയുടെയും മൂന്നു വയസ്സുകാരന്‍ സൂരജിന്റെയും അമ്മയാണ്.

രേഖയുടെ ഈ നന്മ ഓരോ വ്യക്തിയിലും അടിയുറയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് എന്‍ എസ് എസ് ന്യൂജേഴ്‌സി രേഖയുടെയും ദീപ്തിയുടെയും ഭാവി പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മാധവന്‍ ബി നായര്‍ പറഞ്ഞു. രാവിലെ പതിനൊന്നുമണിക്കു ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി ഓണക്കളികളും ഉണ്ടായിരിക്കും. എന്‍ എസ് എസ് പ്രവര്‍ത്തകര്‍ അത്തപ്പൂക്കളം,താലപ്പോലി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. തിരുവാതിര , കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികള്‍, ഓണപ്പാട്ടുകള്‍, ഓണസന്ദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കസേരകളി, വടംവലി തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പ്രസിഡന്റ് സുനില്‍ നമ്പ്യാര്‍, സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറര്‍ സുജാത നമ്പ്യാര്‍, കണ്‍വീനര്‍ മാലിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു . ഓണാഘോഷപരിപാടിയില്‍ പങ്കു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുതായും ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ അറിയിച്ചു