ഗോവയില്‍ മലയാളി വിദ്യാര്‍ഥിനി അടക്കം രണ്ടുപേര്‍ മുങ്ങി മരിച്ചു

By Karthick

Friday 08 Sep 2017 20:17 PM

പനാജി: ഗോവയിലെ കണ്ടോലിം ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതിയടക്കം രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കടാതി കാടാപുറത്ത് പോള്‍ ബേസിലിന്റെ മകള്‍ അനുജ സൂസന്‍ പോള്‍ (22), ബെംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) എന്നിവരാണു മുങ്ങി മരിച്ചത്.

ഗുജറാത്ത് അഹമ്മദാബാദിലെ ബിസിനസ് സ്കൂളായ മുദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ (മിക്ക) ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണിവര്‍. അഹമ്മദാബാദില്‍ നിന്ന് അഞ്ചു ദിവസത്തെ ടൂറിനായി ഈമാസം നാലിനായിരുന്നു വിദ്യാര്‍ഥിസംഘം ഗോവയിലെത്തിയത്. ഇന്നലെ രാവിലെ കണ്ടോലിം ബീച്ചില്‍ ആറു വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാലു പേര്‍ കടലില്‍ മുങ്ങിയെങ്കിലും രണ്ടു പേരെ രക്ഷപ്പെടുത്താനായി.

അനുജയുടെ മൃതദേഹം ഇന്നു രാവിലെ 11ന് നാട്ടിലെത്തിക്കും. ഈസ്റ്റ് കടാതി ഗ്രീന്‍വുഡ് വില്ലയില്‍ െവെകിട്ട് നാലിന് പ്രാര്‍ഥനയ്ക്കു ശേഷം അഞ്ചിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില്‍ (അരമന പള്ളി) സംസ്കാരം നടക്കും. പിതാവ് പോള്‍ ബേസില്‍ ചെന്നൈ വില്‍ഗ്രോ ഇന്നവേഷന്‍സ് കമ്പനി സിഇഒയാണ്. മാതാവ്: സിന്ധു, കോട്ടയം അക്കര കുടുംബാംഗം. സഹോദരി: അഞ്ജലി.